നിലമ്പൂര്‍: നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനായി പ്രചരണം നയിക്കുന്നത് ഒരു കാലത്ത് സി.പി.എമ്മിന്റെ തീപ്പൊരി നേതാക്കളായിരുന്ന പഴയ സഖാക്കള്‍. സി.പി.എമ്മിന്റെ പ്രചരണ ശൈലിയും അടവും തടവുംമെല്ലാം പയറ്റിതെളിഞ്ഞ ഈ നേതാക്കളാണ് പ്രചരണത്തില്‍ യു.ഡി.എഫിന് കരുത്ത് പകരുന്നത്.
ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗവുമായ പനോലല്‍ കുഞ്ഞുട്ടിയാണ് ഇവരില്‍ തലമുതിര്‍ന്ന സഖാവ്.
നിലമ്പൂരിന്റെ ആദ്യ എം.എല്‍.എ സഖാവ് കുഞ്ഞാലിയുടെ സഹപ്രവര്‍ത്തകനായി 1965ല്‍ പാര്‍ട്ടി അംഗത്വമെടുത്തയാളാണ് കുഞ്ഞുട്ടി. സി.പി.എം വിടുമ്പോള്‍ നിലമ്പൂര്‍ ഏരിയാ സെന്റര്‍ അംഗമായിരുന്നു.
സി.പി.എം ഏരിയാ സെന്റര്‍ അംഗവും തീപ്പൊരി പ്രാസംഗികനുമായ ജോജി കെ. അലക്‌സാണ് യു.ഡി.എഫ് പ്രചരണ യോഗത്തിലെ പ്രധാന പ്രാസംഗികന്‍. ടി.കെ രാമകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോജി.
നിലമ്പൂരില്‍ എം.എ ബേബിയെ പാര്‍ട്ടി ഓഫീസില്‍ തടഞ്ഞ സംഭവത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോള്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗമാണ്.
പോത്തുകല്ലിലെ സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്ന സി.ആര്‍ പ്രകാശ് ഇപ്പോള്‍ പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ്. സി.പി.എമ്മിനെപ്പോലെ ചിട്ടയൊപ്പിച്ച പ്രവര്‍ത്തനമാണ് ഇവിടെ കോണ്‍ഗ്രസിന്.
സി.പി.എം ചുങ്കത്തറ ലോക്കല്‍ സെക്രട്ടറിയും നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന മുരളി ചുങ്കത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ്.
ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പ്രസാദ് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയാണ്. സി.പി.എം വിട്ടെത്തിയ നേതാക്കളാണ് നിലമ്പൂരില്‍ സി.പി.എമ്മിന്റെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രമൊരുക്കി പ്രചരണത്തില്‍ തീപ്പൊരിയാകുന്നത്.