അപകീര്‍ത്തികേസില്‍ പാര്‍ലമെന്റഗത്വം നഷ്ടപ്പെട്ട് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു. 2019-ലെ മാനനഷ്ടക്കേസിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് ലോക്സഭയില്‍ നിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടത്. പിന്നാലെ ഏപ്രില്‍ 22-ന് അദ്ദേഹം തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. തുടര്‍ന്ന് താത്കാലികമായി അമ്മ സോണിയാ ഗാന്ധിയോടൊപ്പം താമസിക്കുകയായിരുന്നു.
നിസാമുദ്ദീന്‍ ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ വീടുള്ളത്. ഷീലാ ദീക്ഷിത് തന്റെ അവസാനകാലം ചെലവഴിച്ച മൂന്ന് ബിഎച്ച്കെ വീട്ടിലേക്കാണ് രാഹുല്‍ ഇനി താമസിക്കുക. 1991 മുതല്‍ 1998 വരെയും മുഖ്യമന്ത്രിപദം ഒഴിഞ്ഞശേഷം 2015-ലും ഷീലാ ദീക്ഷിത് ഈ വീട്ടിലാണ് താമസിച്ചത്. ഇവിടെ താമസിച്ചിരുന്ന മകന്‍ സന്ദീപ് ദീക്ഷിത് മറ്റൊരു വീട്ടിലേക്ക് മാറിയതിനാലാണ് രാഹുലിന് വസതിയൊരുങ്ങുന്നത്. വാടകയ്ക്ക് താമസിക്കാന്‍ രാഹുല്‍ ഗാന്ധി ഉടന്‍തന്നെ ഇവിടേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിച്ചശേഷമായിരിക്കും ഇവിടേക്ക് രാഹുല്‍ ഗാന്ധി എത്തുക.