കൊച്ചി: പൊലീസുകാരന് ചങ്കുറപ്പില്ല എന്നു വിമർശിക്കുന്നവർ ആദ്യം ചങ്കുറപ്പുള്ള ഉദ്യോഗസ്ഥന്റെ കൂടെ നിൽക്കാൻ പഠിക്കണമെന്ന് മുൻ ഡിജിപി എംജിഎ രാമൻ.
പ്രമുഖ പത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികളെ കൈകാര്യം ചെയ്യാനുള്ള ചങ്കൂറ്റം പൊലീസ് കാണിക്കുമ്പോൾ അവർക്കെതിരെ വാളോങ്ങി നിൽക്കുന്ന പൊതുജനങ്ങളും രാഷ്ട്രീയ നേതാക്കളുമാണ് പൊലീസിനെ നിഷ്ക്രിയമാക്കുന്നതെന്ന് മുൻ ഡിജിപി പറയുന്നു.
ഭയന്നു പ്രവർത്തിക്കാനല്ല, ഭയപ്പെടുത്തി നിയന്ത്രിക്കാനാണ് പൊലീസിനെ അനുവദിക്കേണ്ടത്. അങ്ങനെയുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ജനങ്ങൾ ഒരുമിച്ചു നിൽക്കണം.
ജനങ്ങൾ ബഹുമാനിക്കുന്ന ഉദ്യോഗസ്ഥരെ തൊടാൻ ഒരു ഭരണാധികാരിയും ധൈര്യപ്പെടില്ലന്നും എംജിഎ രാമൻ ചൂണ്ടിക്കാട്ടി.
അധികാരത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി വരുമ്പോൾ സ്വഭാവം മാറുന്ന പൊലീസുദ്യോഗസ്ഥരോട് വ്യക്തിപരമായി തനിക്ക് മതിപ്പില്ല. ആര് ഭരണത്തിൽ വന്നാലും ഉദ്യോഗസ്ഥൻ യഥാർത്ഥ പൊലീസുകാരനായി തുടരണം.
നടിയെ തട്ടികൊണ്ടു പോയി അപമാനിച്ച കേസിൽ ഒളിച്ചുകടക്കാനെത്തിയ ക്രിമിനലിനെ കോടതിയിൽ കയറി പൊലീസ് അറസ്റ്റു ചെയ്യുന്നത് കണ്ടപ്പോൾ അഭിമാനം തോന്നിയതായും രാമൻ പറയുന്നു.
ഡി ജി പി സെൻകുമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിധി അനുകൂലമായാലും പ്രതികൂലമായാലും ആ വിധി കേരളത്തിന്റെ ക്രമസമാധാന പാലനത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.