ഇടുക്കി: സിപിഐ യില്‍ പുരുഷാധിപത്യമെന്ന ഇ എസ് ബിജിമോളുടെ വിമര്‍ശനത്തിനെതിരെ നേതാക്കള്‍ രംഗത്ത്. ബിജിമോളുടെ വിമർശനം പാർട്ടി പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. അതിനു ശേഷം തീരുമാനം എടുക്കും.
കാര്യങ്ങൾ വേണ്ട വിധം ആലോചിക്കാതെ ബിജിമോൾ പറഞ്ഞതാണത്. ബിജിമോൾക്ക് എല്ലാം നൽകിയത് പാർട്ടിയാണ്. ആ പാർട്ടിയെ കുറിച്ചാണ് വിമർശനം ഉന്നയിച്ചത്. വനിത ആയത് കൊണ്ടു മാത്രം ജില്ലാ സെക്രട്ടറി ആകാൻ കഴിയില്ല. വിമർശനം ദൗർഭാഗ്യകരമായി പോയി. ഗൗരവമായി പരിശോധിക്കും. സ്ത്രീ എന്ന പരിഗണന നൽകിയില്ല എന്നത് ബിജിമോളുടെ തോന്നൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു .
സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായിട്ടാണ് ബിജിമോള്‍ ഫേസ് ബുക്ക് കുറിപ്പിട്ടത്. ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ജെൻഡർ പരിഗണന ആവശ്യമില്ലെന്നു പറയുകയും. എന്നാൽ അപമാനിക്കുവാൻ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറുമെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.