ചെന്നൈ: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.
തമിഴ് നാട് കേഡറിലെ 1955 ബാച്ച് ഐ എ എസ് ഓഫീസർ ആയിരുന്നു ടി എൻ ശേഷൻ. 1989ൽ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിൽ നിന്ന് വിരമിച്ച ശേഷൻ 1997ൽ രാഷ്ട്രപതി തെരഞ്ഞടുപ്പിൽ കെആർ നാരായണനെതിരെ മത്സരിച്ചു പരാജയപ്പെട്ടു. തുടർന്ന് 1999ൽ ലോക്‌സഭയിലേക്ക് മത്സരിച്ചും പരാജയപ്പെട്ടു.
കേരളസർവകലാശാല വൈസ് ചാൻസലർ ആയിരുന്ന രാപ്പാൾ സ്വദേശിനി ജയലക്ഷ്മിയായിരുന്നു ഭാര്യ. 2018 മാർച്ച് 31ന് ഭാര്യ മരിച്ചു. ഇവർക്ക് മക്കൾ ഇല്ല. മഗ്‌സസെ അവാർഡ്, ലോകമാന്യ തിലക് ട്രസ്റ്റ് അവാർഡ്, സുലഭ ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്.