ഡൽഹി: മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു തെരുവ് പശുവിന്റെ ആക്രമണം. റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം.
പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
അടുത്ത 20 ദിവസം വിശ്രമിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു.