മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

എറണാകുളം: രാഷ്ട്രപതി പ്രതിഭ പട്ടീലിന്റെ സെക്രട്ടറി ആയിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (73) അന്തരിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെഎസ്‌ഐഡിസി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നിലവില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനാണ്.

പെട്രോളിയം മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, ടൂറിസം മന്ത്രാലയം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും ക്രിസ്റ്റി ഫെര്‍ണാണ്ടസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top