ഇന്ത്യന്‍ ഫുട്‌ബോളിലെ യുവതാരങ്ങളെ അഭിനന്ദിച്ച് മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ

കൊല്‍ക്കത്ത: ഐ.എസ്.എല്‍ ടീം എഫ്.സി ഗോവയുടെ താരമായ ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ചെന്നൈയിന്‍ എഫ്.സിയുടെ അനിരുദ്ധ് താപ്പ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ അബ്ദുസമദ്, ബെംഗളൂരു എഫ്‌സിയുടെ ആഷിഖ് കുരുണിയന്‍ എന്നിവരെയാണ് ഭാവി താരങ്ങളായി തിരഞ്ഞെടുത്ത് മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ബൂട്ടിയ. സുനില്‍ ഛേത്രിയുടെ സ്ഥാനത്ത് ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമായി സഹല്‍ വളരുമെന്ന് ബൂട്ടിയ പറയുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ പൊസിഷനിലാണ് സഹല്‍ കൂടുതലും കളിക്കുന്നത്.

ഗോളടിക്കുന്ന കാര്യത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്ന കാര്യത്തിലും കൂടുതല്‍ ആത്മവിശ്വാസം കാട്ടിയാല്‍ സഹലിന്റെ ബൂട്ടില്‍ നിന്ന് ഗോളുകളെത്തും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച ഫിനിഷറായി മാറാന്‍ സഹലിന് കഴിയുമെന്നാണ് ബൂട്ടിയ പറയുന്നത്. മറ്റൊരു മലയാളി താരമായ ആഷിഖിനും കൂടുതല്‍ മത്സരങ്ങളിലൂടെ മികവിലേക്കുയരാനാകുമെന്ന് ബൂട്ടിയ വ്യക്തമാക്കി.

Top