ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ അന്തരിച്ചു. 2020 ഡിസംബറില്‍ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്.എല്‍.എച്ച്) എന്ന രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 44 വയസ്സായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് തുടങ്ങി കൊല്‍ക്കത്തയിലെ മൂന്ന് മുന്‍നിര ക്ലബ്ബുകളുടെ ഗോള്‍വല കാത്ത താരമാണ് പ്രശാന്ത ഡോറ. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അര്‍ബുദത്തിലേക്കോ നയിക്കുന്നതാണ് ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് രോഗം.
1999-ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരേ നടന്ന ഹോം മത്സരത്തിലാണ് പ്രശാന്ത ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്കായി അഞ്ചു മത്സരങ്ങള്‍ കളിച്ചു. 1997-98, 1999 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന അദ്ദേഹം മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.