ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഉടനെയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി

ഡല്‍ഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഉടനെയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഫിറ്റ്നസിന്റെ മിക്കപരിശോധനകളും പൂര്‍ത്തിയാക്കിയ ഋഷഭിനെ ദേശീയ ക്രിക്കറ്റ് അക്കാദമി മാര്‍ച്ച് അഞ്ചിന് മത്സരത്തിന് സജ്ജനായി പ്രഖ്യാപിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഋഷഭിന്റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടറാണ് ഗാംഗുലി.

2022 ഡിസംബര്‍ 30-നുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ താരം ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് പരിശീലനത്തിലും. ഇക്കുറി ഐ.പി.എലോടെ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

”അദ്ദേഹം കളിക്കാന്‍ സജ്ജനാണെന്ന് മാര്‍ച്ച് അഞ്ചിന് പ്രഖ്യാപനമുണ്ടാകും. ഋഷഭിന് വലിയ ഭാവിയുണ്ട്. എത്രയുംപെട്ടെന്ന് കളിയിലേക്ക് തിരിച്ചെത്തുകയാണ് പ്രധാനം. ക്യാപ്റ്റന്‍സിയെക്കുറിച്ച് പിന്നീടേ ആലോചിക്കൂ. മറ്റുകാര്യങ്ങള്‍ മത്സരം തുടങ്ങിയശേഷം തീരുമാനിക്കും.” -ഗാംഗുലി പറഞ്ഞു

Top