മുംബൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയെ നിയമിച്ചു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് മുന്‍ ഇന്ത്യന്‍ ബാറ്ററെ മെന്ററായി നിയമിച്ചത്. 1992 മുതല്‍ 2000 വരെ 196 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അജയ് 37.47 ശരാശരിയില്‍ ആറ് സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5359 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതേ കാലയളവില്‍ ഇന്ത്യയ്ക്ക് വേണ്ടി 15 ടെസ്റ്റുകള്‍ കളിച്ച താരം നാല് അര്‍ധ സെഞ്ച്വറിയടക്കം 576 റണ്‍സ് നേടിയെടുത്തിട്ടുണ്ട്.
നിലവില്‍ ഏകദിന ലോകകപ്പിനായി അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീം ഇന്ത്യയിലാണുള്ളത്. ഒക്ടോബര്‍ ഏഴിനാണ് ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുക. 11ന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം.
2015ല്‍ ഏകദിന ലോകകപ്പില്‍ അരങ്ങേറിയ അഫ്ഗാനിസ്ഥാന് ഒരു വിജയം മാത്രമാണ് നേടാനായത്. സ്‌കോട്ലന്‍ഡിനെതിരെയായിരുന്നു 2015 ലോകകപ്പില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചത്. 2019ലെ ലോകകപ്പിന് ഒന്‍പത് മത്സരങ്ങളിലും പരാജയം വഴങ്ങേണ്ടി വന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ കനത്ത വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുഹമ്മദ് ഷമിയുടെ ഡെത്ത് ഓവറിന് മുന്നില്‍ അഫ്ഗാന്‍ വീണു. ഈ വര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ടീം ലക്ഷ്യമിടുന്നത്.