ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെയും താരതമ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമും തമ്മിലുള്ള നിലവിലെ അന്തരത്തെ താരതമ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അത് അട്ടിമറിയും ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ അത് സ്വാഭാവിക വിജയവുമാണെന്ന് ഗംഭീര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

നിലവിലെ കളി നിലവാരവും മത്സരക്ഷമതയും കണക്കിലെടുത്താല്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റവും മികച്ച എതിരാളികള്‍. ആരാധകരും ഇക്കാര്യം സമ്മതിക്കുമെന്ന് ഗംഭീര്‍ പറഞ്ഞു.എല്ലായ്‌പ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനെക്കുറിച്ച് അടുത്തിടെ എക്‌സിലെ ചോദ്യോത്തര പരിപാടിയില്‍ ഗംഭീറിനോട് ആരാധകന്‍ ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് തോന്നുന്ന കാര്യങ്ങളാണ് വിളിച്ചു പറയുന്നതെന്നും വിവാദങ്ങള്‍കൊണ്ട് തനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.2022ലെ ടി20 ലോകകപ്പിലും 2023ലെ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു. 2021ലെ ടി20 ലോകകപ്പിലാണ് അവസാനമായി പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും ഇപ്പോള്‍ പരസ്പരം മത്സരിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യന്‍ ടീമിനുമേല്‍ ആധിപത്യം പുലര്‍ത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ അതിപ്പോഴില്ല. ഇരു ടീമുകളും തമ്മില്‍ ഇപ്പോള്‍ കളി നിലവാരത്തില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ടുതന്നെ ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിലെ മത്സരസ്വഭാവത്തിലും മാറ്റം വന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പാക്കിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ടീം ഇന്ത്യ. അതകൊണ്ട് തന്നെ ഇപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അതിനെ അട്ടിമറി എന്ന് വിശേഷിപ്പിക്കേണ്ടിവരും. തിരിച്ചാണെങ്കില്‍ അത് വളരെ സ്വാഭാവിക വിജയമാണ്.

Top