ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം വീരേന്ദര്‍ സെവാഗിന് ഇന്ന് 45-ാം പിറന്നാള്‍. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് വീരേന്ദര്‍ സെവാഗ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ആരവങ്ങളോട് വിട പറഞ്ഞതെന്ന നിരാശ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് വഴി അടഞ്ഞപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി സെവാഗ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും 80 ലധികം സ്‌ട്രൈക്ക് റേറ്റ് നേടിയ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഏക ക്രിക്കറ്റ് താരം. വേഗതയേറിയ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരം. മൂന്നാം ട്രിപ്പിളിന് ഏഴ് റണ്‍സ് അകലെ മുത്തയ്യ മുരളീധരന്‍ പിടികൂടി. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രീതി കുറയുന്ന കാലത്ത് സെവാഗിന്റെ വിസ്‌ഫോടനം കാണാന്‍ ആളുകൂടി. ഏകദിനത്തില്‍ സച്ചിനും സെവാഗും ഇറങ്ങിയാല്‍ പരസ്പരം തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. സച്ചിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ താരം സെവാഗായിരുന്നു.
രണ്ട് ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ സെവാ?ഗിന് വിടവാങ്ങല്‍ മത്സരം നിഷേധിച്ച ബിസിസിഐക്കുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു വീരേന്ദര്‍ സെവാഗിന്റെ വിടവാങ്ങല്‍. കരിയറിന്റെ ഭൂരിഭാഗവും സച്ചിന്‍ എന്ന ഇതിഹാസത്തിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത വീരേന്ദര്‍ സെവാഗ് വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നു. സച്ചിനേക്കാള്‍ ബൗളര്‍മാരുടെ പേടി സ്വപ്നം സെവാഗ് എന്ന ബാറ്റിങ് വിസ്‌ഫോടനം ആയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ വീരുചരിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.