കൊല്‍ക്കത്ത: അടച്ചിട്ട മുറികളില്ല സെലക്ഷന്‍ കമ്മിറ്റി യോഗം നടത്തേണ്ടതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പ് ടിവിയില്‍ തത്സമയ സംപ്രേക്ഷണം ചെയ്യണമെന്നും മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇന്‍സ്റ്റാഗ്രാം സംഭാഷണത്തിനിടെയാണ് തിവാരി ഇക്കാര്യം പറഞ്ഞത്. ഏതെല്ലാം കളിക്കാരെ എന്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു എന്ന് എല്ലാവരും അറിയേണ്ടതുണ്ട്.
സെലക്ഷന്‍ നീതിപൂര്‍വകമാണോ എന്ന് അതിലൂടെ തിരിച്ചറിയാനാവും. കാരണം സാധാരണയായി സംഭവിക്കുന്നത് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ആ കളിക്കാരന്‍ സെലക്ടര്‍മാരോട് എന്തുകൊണ്ട് തന്നെ ഒഴിവാക്കി എന്ന് ചോദിച്ചാല്‍ അവര്‍ പരസ്പരം പഴി ചാരി രക്ഷപ്പെടും. അതുകൊണ്ട് സുതാര്യതക്ക് വേണ്ടി സെലക്ഷന്‍ കമ്മിറ്റി യോഗങ്ങള്‍ ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യണം.
ടീമില്‍ നിന്ന് ഒരു കളിക്കാരനെ ഒഴിവാക്കുമ്പോള്‍ എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നുവെന്ന് സെലക്ടര്‍മാര്‍ കളിക്കാരോട് വിശദീകരിക്കണം. മുമ്പ് നിരവധിപേരെ ഇതുപോലെ തഴഞ്ഞിട്ടുണ്ട്. കരുണ്‍ നായര്‍, മുരളി വിജയ്, ശ്രേയസ് അയ്യരെപ്പോലും ഇത്തരത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. 2019ലെ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്താവാന്‍ കാരണം നാലാം നമ്പറില്‍ മികച്ച ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ക്ക് കഴിയാത്തതിനാലാണ്. അവരുടെ മണ്ടത്തരം കാരണമാണ് സെമിയില്‍ നമ്മള്‍ തോറ്റത്.ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഭാവിയില്‍ സംഭവിക്കാന്‍ പാടില്ലെന്നും തിവാരി പറഞ്ഞു.