മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മനിതോംബി സിങ്ങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരം മനിതോംബി സിങ്ങ്(40) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന മനിതോംബി ഞായറാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. ഭാര്യയും എട്ട് വയസുള്ള മകനുമുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധ താരമായിരുന്ന മനിതോംബി സിങ്ങ് സാല്‍ഗോക്കര്‍ എഫ്.സിയുടേയും മോഹന്‍ ബഗാന്റേയും ജഴ്‌സി അണിഞ്ഞിട്ടുണ്ട്. മോഹന്‍ ബഗാനായി അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടിയ താരം കൊല്‍ക്കത്ത ക്ലബ്ബിന്റെ ക്യാപ്റ്റനുമായി. 2004-ല്‍ മോഹന്‍ ബഗാനെ ഓള്‍ എയര്‍ലൈന്‍സ് ഗോള്‍ഡ് കപ്പിലേക്ക് നയിച്ചതും മനിതോംബി സിങ്ങാണ്.

2002-ല്‍ ബുസാന്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമംഗമായിരുന്നു. 2002-ല്‍ എല്‍.ജി കപ്പ് നേടി ഇന്ത്യയുടെ അണ്ടര്‍-23 ചരിത്രമെഴുതിയപ്പോഴും മനിതോംബിയുടെ പങ്ക് നിര്‍ണായകമായി.

2012 മുതല്‍ മണിപ്പൂര്‍ സ്റ്റേറ്റ് ലീഗില്‍ കളിക്കുന്ന മനിതോംബി തുടക്കത്തില്‍ നെറോക്ക എഫ്.സിയുടെ താരമായിരുന്നു. 2014-ല്‍ നെറോക്ക എഫ്.സിയുടെ ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 2015-16 സീസണില്‍ മനിതോംബി സ്റ്റേറ്റ് ലീഗിലെ മറ്റൊരു ടീമായ അനൗബ ഇമാഗി മംഗളിലേക്ക് മാറി. വിരമിച്ചതിനുശേഷം മംഗളിന്റെ പരിശീലകവേഷവും അണിഞ്ഞു.

Top