മുംബൈ : രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് കടുത്ത വിവാദമായിരുന്നു. പകരം നായകനായ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ഒരുകൂട്ടം ആരാധകര്‍ തിരിഞ്ഞു. ട്രാന്‍സര്‍ വിന്‍ഡോയിലൂടെ കോടികള്‍ മുടക്കിയാണ് ഹാര്‍ദിക്കിനെ മുംബൈ വീണ്ടും ടീമിലെത്തിച്ചത്. അധികം വൈകാതെ നായകനാക്കികൊണ്ടുള്ള പ്രഖ്യാപനവും വന്നു. നിരവധി പേര്‍ എതിര്‍ക്കുമ്പോഴും നീക്കത്തെ അനുകൂലിക്കുന്നവരുമുണ്ട്. അതിലൊരാള്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരക്കറാണ്.
ഹാര്‍ദിക്കിനെ കൊണ്ടുവന്നത് ശരിയായ നീക്കമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. അദ്ദേത്തിന്റെ വാക്കുകള്‍.. ”മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ ഇനി പൂര്‍ണമായും ഒരു ബാറ്റര്‍ മാത്രമായിരിക്കും. അത്തരത്തില്‍ അദ്ദേഹത്തെ കാണുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് യാതൊരുവിധ സമ്മര്‍ദ്ദവും ഉണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ടീമിനെ നയിക്കേണ്ടത് എങ്ങനെയെന്ന് ഹാര്‍ദിക്കിന് നന്നായി അറിയാം. ഹാര്‍ദിക്കിനെ തിരിച്ചുവകൊണ്ടുവന്നത് വലിയ കാര്യമാണ്.” മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഡിസംബര്‍ 15-ാം തിയതിയാണ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച നായകനായിരുന്നു രോഹിത് ശര്‍മ്മ. 2013ലാണ് രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രോഹിത് ക്യാപ്റ്റനായുള്ള 2013ലെ ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്തി.
പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം തൂത്തുവാരി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. എന്നാല്‍ ടീം ഇന്ത്യയെ ഏകദിന, ട്വന്റി 20 ലോകകപ്പുകളിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടത്തിലേക്ക് നയിക്കാന്‍ ഇതുവരെ രോഹിത്തിനായിട്ടില്ല.