മുംബൈ: ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിരിക്കുമ്പോളായിരുന്നു ഈ അപ്രതീക്ഷിത തീരുമാനം.
ധോണിയുടെ ഈ തീരുമാനത്തില്‍ ആരാധകരും, സഹതാരങ്ങളും ബിസിസിഐയുമെല്ലാം ഞെട്ടിയിരുന്നു.
തീരുമാനത്തെ കുറിച്ച് മുന്‍ നായകനായ എം.എസ് ധോണി പറയുന്നത് ഇങ്ങനെയാണ്.
ഇതാണ് ശരിയായ സമയം, ഇതാണ് ശരിയായ തീരുമാനം എന്ന് തോന്നിയെന്നും, ടീമിനെ നയിക്കാന്‍ വിരാട് റെഡിയായിരുന്നുവെന്നും, വൃഥിമാന്‍ സാഹ പോലൊരു വിക്കറ്റ് കീപ്പറും വളര്‍ന്നു വരുന്നു, അവന്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുവെന്നും തോന്നിയെന്നും ധോണി തുറന്നു പറഞ്ഞു.
90 ടെസ്റ്റുകള്‍ കളിച്ച താന്‍ തൃപ്തനാണെന്നും ധോണി പറയുന്നു. പരമ്പരയില്‍ വിജയിക്കാന്‍ സാധിക്കില്ലെന്നും ഉറപ്പായിരുന്നു, വിരാട് നല്ല ഫോമിലായിരുന്നു, തന്നെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലുകള്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ല. നേടിയതിലെല്ലാം താന്‍ തൃപ്തനായിരുന്നുവെന്നും അതുകൊണ്ട് തീരുമാനത്തില്‍ സങ്കടമില്ലെന്നും താരം പറയുന്നു.