മെഹബൂബ മുഫ്തിയെ വീട്ട് തടങ്കലില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് മാറ്റി

ശ്രീനഗര്‍: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റുമായ മെഹബൂബ മുഫ്തിയെ വീട്ട് തടങ്കലില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് മാറ്റി. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മൗലാന ആസാദ് റോഡിലെ സബ്സിഡിയറി ജയിലില്‍ നിന്ന് ഫെയര്‍ വ്യൂ ഗുപ്കര്‍ റോഡിലെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിക്കൊണ്ടാണ് ഉത്തരവ്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റികയും ചെയ്തതിന് പിന്നാലെയാണ് മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.പിന്നീട് ഫെബ്രുവരിയില്‍ പൊതുസുരക്ഷ നിയമം ചുമത്തുകയും ചെയ്തിരുന്നു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24നും ഫാറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13നും വീട്ട് തടങ്കലില്‍ നിന്നും മോചിപ്പിച്ചിരുന്നു.

Top