Former Kerala Assembly Speaker A C Jose passes away

കൊച്ചി: മുന്‍ നിയമസഭാ സ്പീക്കറും മുന്‍ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.സി. ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനു ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കാരം നടക്കും. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ ലോക്‌സഭാംഗമായിട്ടുള്ള അദ്ദേഹം നാലു മാസമാണ് കേരള നിയമസഭാ സ്പീക്കറായത്. ഏറ്റവുമധികം കാസ്റ്റിംഗ് വോട്ടു രേഖപ്പെടുത്തി കെ. കരുണാകരന്‍ മന്ത്രിസഭയെ നിലനിര്‍ത്തിയ സ്പീക്കറായിരുന്നു അദ്ദേഹം.

1937 ഫെബ്രുവരി അഞ്ചിനു എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ എ.സി. ചാക്കോടെയും മേരിയുടേയും പുത്രനായി ജനിച്ചു. ബിഎസ്സി, എല്‍എല്‍എം ബിരുദങ്ങള്‍ നേടി. കേരള വിദ്യാര്‍ഥി യൂണിയനിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കൊച്ചി മേയര്‍, യുഎന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി, കേരള സ്‌പോര്‍ട്‌സ് കൌണ്‍സില്‍ അധ്യക്ഷന്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

1969 മുതല്‍ ഒരു പതിറ്റാണ്ടുകാലം കൊച്ചി നഗരസഭാംഗമായിരുന്ന അദ്ദേഹം 197273 കാലഘട്ടത്തില്‍ നഗരസഭാ മേയറായും സേവനം അനുഷ്ഠിച്ചു. ഏറ്റവും പ്രായം കുറഞ്ഞ നഗരപിതാവ് എന്ന അപൂര്‍വ ബഹുമതിക്കു അര്‍ഹനാണ് അദ്ദേഹം. 1980ല്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നു അദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീടു 1982 ഫെബ്രുവരി മൂന്നു മുതല്‍ ജൂണ്‍ 23വരെയുള്ള ചുരുങ്ങിയ കാലയളവില്‍ നിയമസഭാ സ്പീക്കറായി സേവനം അനുഷ്ഠിച്ചു. 1996ല്‍ പതിനൊന്നാം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീടു രണ്ടു തവണകൂടി ലോക്‌സഭാംഗമായി. 1996ലും 1998ലും ഐക്യരാഷ്ട്രസഭയിലേക്കുള്ള പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായി.

Top