ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ സി.വി. ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസില്‍ അണ്ണാ ഡി.എം.കെ മുന്‍ നേതാവ് ശശികലയ്ക്കും അനുയായികളായ 500 പേര്‍ക്കുമെതിരെ വില്ലുപുരം രോഷണൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ശശികലയുടെ നേതൃത്വത്തില്‍ തനിക്ക് എതിരെ വധഭീഷണിയുണ്ടെന്ന മുന്‍ മന്ത്രിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ 7ന് ശശികലയ്‌ക്കെതിരെ പ്രസ്താവന നടത്തിയശേഷം വധഭീഷണി കൂടി വരുന്നതായും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും വധഭീഷണി ലഭിച്ചതായി സി.വി. ഷണ്മുഖം പരാതിപ്പെട്ടു. മൊബൈല്‍ ഫോണില്‍ അഞ്ഞൂറിലധികം ഭീഷണി കോളുകള്‍ ലഭിച്ചതായും അതില്‍ ഭൂരിഭാഗവും വധഭീഷണികളാണെന്നും ഷണ്‍മുഖം പരാതിയില്‍ പറഞ്ഞിരുന്നു.
ശശികലയെ കൂടാതെ 500 അടുത്ത അനുയായികള്‍ക്കെതിരെയും ഷണ്‍മുഖന്‍ പരാതി നല്‍കിയിട്ടുണ്ട്. 506 (1), 507, ഐപിസി 109 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് റോഷണായി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.