മോഡലുകളുടെ മരണത്തില്‍ ഹോട്ടലുകാരുടെ ഒളിച്ചുകളി ! വീണ്ടും പൊലീസ് റെയ്ഡ്

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധനയില്‍ കണ്ടെത്താനായില്ല. പൊലീസിന് കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല.

പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്നാണു വിവരം. അപകടത്തിനു പിറ്റേന്നു തന്നെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതായും സംശയിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് വീണ്ടു റെയ്ഡ് നടത്തുന്നു. ഹോട്ടലില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലാണ് പരിശോധന. കേസില്‍ പിടിയിലായ ഡ്രൈവര്‍ അപകട സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കും. കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണു ഹോട്ടലില്‍ പരിശോധന നടത്തുന്നതിലേക്ക് എത്തിയത്.

Top