ലാഹോര്‍: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ പ്രതിഭയോട് ഗില്ലിന് നീതിപുലര്‍ത്താനായില്ല എന്ന് ബട്ട് ചൂണ്ടിക്കാട്ടി. രോഹിത് ശര്‍മ്മ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സ്ഥാനം തുലാസിലായിരിക്കുന്ന സാഹചര്യത്തിലാണ് താരത്തെ വിമര്‍ശിച്ച് ബട്ടിന്റെ രംഗപ്രവേശം.
രോഹിത് ശര്‍മ്മ ട്വന്റി 20 ടീമിലേക്ക് മടങ്ങിവന്നതോടെ ശുഭ്മാന്‍ ഗില്ലിന്റെ കസേര കയ്യാലപ്പുറത്തായിരിക്കുകയാണ്. യശസ്വി ജയ്‌സ്വാളുമായി ഗില്‍ കടുത്ത മത്സരം നേരിടുന്നു. ജയ്‌സ്വാളാവട്ടെ കിട്ടുന്ന അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നു. അഫ്ഗാനിസ്ഥാനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാനാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. 12 പന്തല്‍ വേഗം 23 റണ്‍സ് നേടിയ ശേഷം ഗില്‍ ക്രീസ് വിട്ടിറങ്ങി ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. രണ്ടാം ടി20യില്‍ ഗില്ലിന് പകരമെത്തിയ ജയ്‌സ്വാള്‍ 34 പന്തില്‍ 68 റണ്‍സടിച്ച് തിളങ്ങി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 ബെംഗളൂരുവില്‍ ബുധനാഴ്ച നടക്കുമ്പോള്‍ ജയ്‌സ്വാളിന് തന്നെയാണ് അവസരം ലഭിക്കാനിട.
‘കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ തന്റെ കഴിവിനോട് അനീതി കാട്ടി. ഗില്‍ പ്രതിഭയുള്ള മികച്ച താരമാണ്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20യില്‍ മികച്ച തുടക്കം നേടി 20 റണ്‍സ് പേരിലാക്കിയ ശേഷം ലൂസ് ഷോട്ട് കളിച്ച് പുറത്തായി. മികച്ച ഒരു വര്‍ഷത്തിന് ശേഷം ഗില്ലിന്റെ ഭാഗത്ത് നിന്നുള്ള മോശം പ്രകടനമാണിത്. ലോകത്തെ ഏറ്റവും മികച്ച ബാറ്ററായാലും എല്ലാ പന്തുകളും സ്വന്തം നിലയ്ക്ക് കളിക്കാനാവില്ല എന്ന് ഗില്‍ തിരിച്ചറിയണം. ബോളുകളോട് നന്നായി പ്രതികരിക്കാന്‍ ഗില്‍ തയ്യാറാകണം. ബാറ്റിംഗില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല, സ്വാഭാവികമായി താരം കളിച്ചാല്‍ മതിയാകും’ എന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.