പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ബൗളര്‍മാര്‍ പ്രായത്തട്ടിപ്പ് നടത്തുന്നുണ്ട്; മുഹമ്മദ് ആസിഫ്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ചില ബൗളര്‍മാര്‍ പ്രായത്തട്ടിപ്പ് നടത്തുന്നുണ്ടെന്ന ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആസിഫ്. 17 അല്ലെങ്കില്‍ 18 പ്രായമെന്ന് പറയപ്പെടുന്ന പലര്‍ക്കും 27 അല്ലെങ്കില്‍ 28 വയസ് ഉണ്ടാകുമെന്നാണ് ആസിഫ് ആരോപിച്ചിരിക്കുന്നത്. കമ്രാൻ അക്മലിന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. ”പാക് ബൗളര്‍മാര്‍ക്ക് കാണിക്കുന്നത് അവരുടെ യഥാര്‍ത്ഥ പ്രായമല്ല. പേപ്പറില്‍ 17-18 വയസെന്ന് പറയുമ്പോഴും ചിലര്‍ക്കെങ്കിലും 27-28 വയസുണ്ട്. 20-25 ഓവറുകളൊന്നും അവര്‍ക്ക് എറിയാന്‍ സാധിക്കില്ല. പന്തെറിയുമ്പോള്‍ ശരീരം എങ്ങനെ വളയ്‌ക്കേണ്ടെന്ന് അവര്‍ക്ക് അറിയില്ല. 5-6 ഓവറുകളുള്ള ഒരു സ്‌പെല്‍ എറിഞ്ഞതിന് ശേഷം അവര്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.

ഒരു പാകിസ്ഥാന്‍ പേസര്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടിയിട്ട് അഞ്ചോ ആറോ വര്‍ഷമായെന്ന് എനിക്ക് തോന്നുന്നു. ഇപ്പോഴത്തെ താരങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം ലഭിക്കുന്നില്ല. എങ്ങനെയാണ് ഒരു ബാറ്റ്‌സ്മാന്‍ ഫ്രണ്ട് ഫൂട്ടില്‍ മാത്രം കളിപ്പിച്ച് നിര്‍ത്തേണ്ടെന്നും അവര്‍ക്ക് അറിയില്ല. സിംഗിളുകള്‍ എടുക്കാതിരിക്കാന്‍ ബാറ്റ്‌സ്മാനെ അനുവദിക്കരുത്. സമ്മര്‍ദ്ദത്തിലാക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയണം. എന്നാല്‍ പാക് താരങ്ങള്‍ വിക്കറ്റിലേക്കാണ് പന്തെറിയുന്നത്. പന്തുകള്‍ ഒരു നിയന്ത്രണവുമില്ലാതെ ലെഗ്‌സൈഡിലേക്ക് പോവും.” ആസിഫ് വ്യക്തമാക്കി

പാകിസ്ഥാന്‍ താരങ്ങള്‍ പ്രായത്തട്ടിപ്പിന്റെ പേരില്‍ മുമ്പും വിവാദത്തിലായിട്ടുണ്ട്. മുന്‍ പാക് താരം ഷാഹിദ് അഫ്രീദി ഇത്തരത്തില്‍ പ്രായത്തട്ടിപ്പ് നടത്തിയിരുവെന്ന് വ്യക്തമായിരുന്നു. ഇപ്പോഴത്തെ ടീമംഗങ്ങളില്‍ പലരും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

Top