പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇത്തവണ സ്വാതന്ത്രദിനമാഘോഷിച്ചത് ജയിലില്‍

ഇസ്ലാമാബാദ്:പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളായ മറിയവും മരുമകനായ മുഹമ്മദ് സഫ്ദാറും അഡിയാള ജെയിലില്‍ സ്വാതന്ത്രദിനാമാഘോഷിച്ചു. 10 പൗണ്ട് തൂക്കമുള്ള 3 കേക്കുകളാണ് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുടെ ആഘോഷത്തിനായി ജയിലില്‍ കൊണ്ടുവന്നതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജയിലിലെ മറ്റ് തടവുകാരുടെ ആവശ്യപ്രകാരം പ്രധാനമന്ത്രി കേക്ക് മുറിക്കുകയും, ചെറിയൊരു പ്രസംഗം നടത്തുകയും ചെയ്തു. രാജ്യത്തൊട്ടാകെയുള്ള ജയിലുകളിലെ തടവുകാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നടത്താനുള്ള പദ്ധതി രൂപീകരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഇസ്ലാമിക് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. താല്‍പര്യമുള്ള തടവുകാര്‍ക്ക് ബിരുദാനന്തര ബിരുദ വിദ്യഭ്യാസം നല്‍കാന്‍ ജയിലുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാക്കിസ്ഥാനിലെ മുസ്ലീം ലീഗ് നവാസ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി നടത്തിയ പുരോഗതിയെക്കുറിച്ചാണ് മകള്‍ മറിയം പ്രസംഗിച്ചത്. ഓഗസ്റ്റ് 14 നാണ് പാക്കിസ്ഥാനിലെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്.

അഴിമതിക്കേസില്‍ നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി പത്തു വര്‍ഷമാണ് ശിക്ഷ വിധിച്ചത്. ഷെരീഫിനൊപ്പം തന്നെ മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട.ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

Top