ലാഹോര്‍: കാര്‍ഗില്‍ കൈയേറ്റ പദ്ധതി എതിര്‍ത്തതിനാണ് തന്നെ പുറത്താക്കിയതെന്ന് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് . കാര്‍ഗില്‍ പദ്ധതി എതിര്‍ത്തതിനാണ് 1999ല്‍ പട്ടാള മേധാവി ജനറല്‍ പര്‍വേശ് മുശറഫ് തന്നെ പുറത്താക്കിയത്.തന്റെ നിലപാട് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. താന്‍ പ്രധാനമന്ത്രിയായിരിക്കെ രണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചു. തന്റെ ഭരണകാലത്ത് മാത്രമാണ് ഇത് സംഭവിച്ചത്. ഇന്ത്യയുമായും മറ്റു അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
”ഇന്ത്യ, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നിവയുമായി ബന്ധം മെച്ചപ്പെടുത്തണം. ചൈനയുമായി കൂടുതല്‍ ശക്തമായ ബന്ധം ആവശ്യമാണ്.അയല്‍രാജ്യങ്ങളേക്കാള്‍ പാകിസ്താന്‍ സാമ്പത്തിക വികസനത്തില്‍ പിന്നാക്കമായത് ഖേദകരമാണ്. ഇംറാന്‍ ഖാന്റെ ഭരണകാലത്താണ് സാമ്പത്തികരംഗം തകര്‍ന്നത്. നമുക്ക് ആഡംബര കാറില്‍ കറങ്ങാനായി അധികാരം വേണ്ട. പക്ഷേ, ഈ രാജ്യത്തെ നശിപ്പിച്ചവരെയും നമുക്കെതിരെ കള്ളക്കേസ് എടുത്തവരെയും കണക്കുപറയിക്കാന്‍ നാം അധികാരത്തില്‍ എത്തിയേ തീരൂ”. വീണ്ടും പ്രധാനമന്ത്രി സ്ഥാനം ഉറ്റുനോക്കുന്ന മുസ്‌ലിംലീഗ് (നവാസ്) നേതാവ് പറഞ്ഞു.