ഒട്ടാവ: പത്ത് പേർ കൊല്ലപ്പെട്ട മുംബൈ മുളുണ്ട് ട്രെയിൻ സ്ഫോടനക്കേസിൽ പോലീസ് തിരയുന്ന മലയാളിയായ സി.എ.എം. ബഷീർ കാനഡയിൽ ഇന്റർപോളിന്റെ പിടിയിൽ. എയ്‌റോനോട്ടിക്കൽ എൻജിനിയറായ ഇയാൾ നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ ദേശീയ പ്രസിഡന്റായിരുന്നു. കാനഡയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് വിമാനത്താവളത്തില്‍ വച്ച് ഇയാള്‍ പിടിയിലാകുന്നത്. തുടർന്ന് ബഷീറിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം.
ലഷ്‌കര്‍-ഇ-തൊയ്ബ അടക്കമുള്ള സംഘടനകളിലേക്ക് ഇയാള്‍ രാജ്യത്ത് നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ ഇയാള്‍ക്ക് മറ്റ് തീവ്രവാദ സംഘടനകളും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നുകൊണ്ട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ ഏകോപിപ്പിച്ചതായും വിവരമുണ്ട്.
ബഷീറിന്റെ പേരിൽ സി.ബി.ഐ. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായത് ഇയാൾ തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. പരിശോധനയ്ക്കായി കുടുംബാംഗങ്ങളുടെ രക്തപരിശോധന നടത്താൻ വിചാരണക്കോടതി പോലീസിന് അനുമതി നൽകി.
ബഷീറിന്റെ കുടുംബാംഗങ്ങൾ കേരളത്തിലാണുള്ളത്. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ ആലുവയിലുള്ള ബഷീറിന്റെ സഹോദരി സുഹ്‌റാബീവിയുടെ രക്തസാമ്പിൾ പരിശോധിക്കാനാണ് കോടതി അനുമതി നൽകിയത്. ഇതിന് അനുമതിതേടിയുള്ള പോലീസിന്റെ അപേക്ഷയെ ബഷീറിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഷെറീഫ്‌ശൈഖ് എതിർത്തു.