അസമില്‍ പുറത്തു വിട്ട പൗരത്വ രജിസ്റ്ററില്‍ മുന്‍ രാഷ്ട്രപതിയുടെ കുടുംബവും ഇല്ലെന്ന്. . .

ന്യൂഡല്‍ഹി: അസമില്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടികയില്‍ നിന്ന് പുറത്തായവരില്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരനും കുടുംബവും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട്.

അസമിലെ കംരുപ് ജില്ലയില്‍ റംഗിയയിലാണ് ഫക്‌റുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബം താമസിച്ചിരുന്നത്. പട്ടികയില്‍ തന്റേയും കുടുംബത്തിലെ ഒരാളുടേയും പേരില്ലെന്നാണ് കുടുംബം പറയുന്നത്. ഇത് ഞെട്ടലുണ്ടാക്കുന്നതാണെന്നും മരിച്ച് പോയവരുടെ പോലും പേര് പട്ടികയിലില്ലെന്നും, പൗരത്വത്തിനായി വേണ്ട ആവശ്യമായ രേഖകള്‍ അധികൃതര്‍ക്ക് നല്‍കുമെന്നുമാണ് കുടുംബം വ്യക്തമാക്കുന്നത്.

40 ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. 3.29 കോടി പേരോളം പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും 2.89 കോടി പേര്‍ക്ക് മാത്രമാണ് പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിച്ചത്. പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ഓരോരുത്തര്‍ക്കും പൗരത്വം തെളിയിക്കുന്നതിനായുള്ള വ്യക്തിഗത കത്തുകള്‍ നല്‍കുമെന്ന് സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലും കൂടിയായ ശൈലേഷ് വ്യക്തമാക്കി.

Top