ഇസ്ലാമാബാദ്: പാകിസ്ഥാൻ രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്. ലോംഗ് മാര്‍ച്ച് നടത്തുന്ന ഇമ്രാൻ ഖാൻ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ പാക് രഹസ്യാന്വേഷണ ഏജൻസിക്കെതിരെ രംഗത്ത് വന്നത്. തനിക്ക് ഐഎസ്‌ഐയെ തുറന്നുകാട്ടാന്‍ അറിയാമെന്നും രാജ്യത്തെ ഓര്‍ത്താണ് അത് ചെയ്യാത്തതെന്നും ഇമ്രാൻ ഖാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ലാഹോറിലെ ലിബർട്ടി ചൗക്കിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാൻ ഖാനും പാര്‍ട്ടി അണികളും ആരംഭിച്ച “ഹഖിഖി ആസാദി ലോംഗ് മാർച്ചിലാണ്” പ്രസംഗം ഉദ്ധരിച്ചാണ് എഎൻഐ റിപ്പോർട്ട്.
റാലിക്കിടെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാൻ കൂടിയായ ഇമ്രാൻ ഖാൻ പറഞ്ഞത് ഇതാണ്. “ഡിജി ഐഎസ്‌ഐ (ഐഎസ്‌ഐ ഡയറക്ടർ ജനറൽ നദീം അൻജും) നിങ്ങളുടെ ചെവി തുറന്ന് കേൾക്കൂ, എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം, പക്ഷേ ഞാൻ നിശബ്ദനായിരിക്കുകയാണ്. കാരണം എന്റെ രാജ്യത്തെ ദ്രോഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… മെച്ചപ്പെട്ട ഭാവിക്കായി ക്രിയാത്മക വിമർശനം ഞാന്‍ നടത്തുന്നു, അല്ലാത്തപക്ഷം എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ കഴിയും”.
പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് ശേഷം ഐഎസ്‌ഐയ്ക്കെതിരെ ഇമ്രാൻ ഖാന്‍ നിരന്തരം രംഗത്ത് എത്തിയിരുന്നു. മുൻ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ കരസേനാ മേധാവിയായി നിയമിക്കുമെന്ന് അന്നത്തെ പ്രതിപക്ഷ സഖ്യം ഭയപ്പെട്ടിരുന്നതായി ഇമ്രാൻ ഖാൻ നേരത്തെ വെളിപ്പെടിത്തിയിരുന്നു.