ഉഡുപ്പി: മുന്‍പ്രധാനമന്ത്രിയുടെ മരുമകള്‍ ഭവാനി രേവണ്ണയുടെ ഒന്നരക്കോടി വില വരുന്ന കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു. അപകടത്തിന് ശേഷം ഭവാനി ബൈക്ക് യാത്രക്കാരനോട് മോശമായി പെരുമാറിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ‘നിനക്ക് മരിക്കണമെങ്കില്‍ വല്ല ബസിനും പോയി ഇടിച്ചുകൂടെ എന്തിന് എന്റെ കാറിന് വന്നിടിക്കണം’ -ഭവാനി ബൈക്ക് യാത്രികനോട് ചോദിച്ചു. എന്‍ഡിടിവി, ടൈംസ് നൗ തുടങ്ങിയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഉഡുപ്പി സാലിഗ്രാമയിലാണ് അപകടം നടന്നത്. ടൊയോട്ട വെല്‍ഫയര്‍ കാറിലാണ് ഭവാനി സഞ്ചരിച്ചത്. ബൈക്ക് കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ഭവാനി പറയുന്നത്. എച്ച് ഡി രേവണ്ണയുടെ ഭാര്യയാണ് ഭവാനി. ഭവാനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. അപകടത്തില്‍പ്പെട്ട ഒരാളോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്.