സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചെന്ന അഭ്യൂഹം നിഷേധിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ചണ്ഡീഗഢ് : കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചെന്ന അഭ്യൂഹം നിഷേധിച്ച് ബിജെപി മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗ്. ഇത് അടിസ്ഥാനരഹിതമായ അഭ്യൂഹം മാത്രമാണെന്ന് അമരീന്ദര്‍ പറഞ്ഞു.

രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയിലെത്തിയത്. താന്‍ ബിജെപി വിടുകയാണെന്നും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചെന്നുമുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും സത്യത്തിന്റെ കണിക പോലുമില്ലാത്തതാണെന്നും അമരീന്ദര്‍ പറഞ്ഞു.

തനിക്ക് ഭാരതീയ ജനതാ പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയോടുമാണ് പ്രതിബദ്ധതയെന്ന് അമരീന്ദര്‍ പറഞ്ഞു- “ഞാൻ എന്നന്നേക്കുമായി മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു, എപ്പോഴും ബിജെപിയോട് പ്രതിജ്ഞാബദ്ധനായിരിക്കും. ആ ഘട്ടത്തിൽ നിങ്ങൾ തിരിഞ്ഞുനോക്കില്ല. ഒരിക്കല്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന തത്വം ഞാന്‍ ജീവിതത്തില്‍ പാലിക്കുന്നുണ്ട്.”

അമരീന്ദർ സിംഗ് ഒരു വർഷം മുമ്പാണ് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎല്‍സി) എന്ന പാർട്ടി രൂപീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇത്. പിഎല്‍സി 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിച്ചില്ല. സ്വന്തം തട്ടകമായ പട്യാല അർബനിൽ മത്സരിച്ച അമരീന്ദറും തോറ്റു. അതിനിടെ പിഎല്‍സി ബിജെപിയിൽ ലയിച്ചു.

എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ ‘ഇന്ത്യ’ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് അണിനിരക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബില്‍ ഒന്നിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിലും ആം ആദ്മി പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസമുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിക്കൊപ്പം പഞ്ചാബില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറല്ലെന്ന് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

Top