കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ(35) കൊലപ്പെടുത്തിയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. ആക്രമണത്തിനു പിന്നില്‍ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും കൃത്യം നടത്തിയവരിലേക്കോ ക്വട്ടേഷന്‍ നല്‍കിയവരിലേക്കോ എത്താനുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഖത്തറിലുള്ള ഒരു വനിതാ സുഹൃത്തുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടെന്നുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയും കൊല്ലം സ്വദേശിയായ ഒരാളുടെ ഭാര്യയുമാണ് ഈ യുവതിയെന്നും ഖത്തറില്‍വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നുമാണ് വിവരം. ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്.
ആക്രമണം നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നു വ്യക്തമായ സാഹചര്യത്തില്‍, മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും തുടങ്ങി. ഈ സാഹചര്യത്തില്‍ രാജേഷിന്റെ മൊബൈല്‍ഫോണ്‍ നിര്‍ണായക തെളിവാകുമെന്ന് പൊലീസ് വിലയിരുത്തുന്നു.
ഫോണ്‍ ലോക്കായതിനാല്‍ ഇതു പരിശോധിക്കാന്‍ പൊലീസിനായിട്ടില്ല. ഫോണ്‍ തുറക്കുന്നതിനായി സാങ്കേതികവിദഗ്ദ്ധരെ ഏല്‍പ്പിച്ചതായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാര്‍ പറഞ്ഞു. പ്രദേശത്തുനിന്നും നാട്ടുകാരില്‍നിന്നും കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണിപ്പോള്‍ തുടങ്ങിയിട്ടുള്ളത്.
സംഭവസമയത്ത് രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വെള്ളല്ലൂര്‍ തേവലക്കാട് തില്ലവിലാസത്തില്‍ കുട്ടന്‍(50) ആക്രമണത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ മൊഴിയെ ആശ്രയിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.
രാജേഷിന്റെ കൈക്കും കാലുകള്‍ക്കുമാണ് വെട്ടേറ്റത്. വാളുപയോഗിച്ചുള്ളതാണ് വെട്ടുകളെല്ലാം. പതിനഞ്ചോളം വെട്ടുകളുണ്ടെന്നാണ് പ്രാഥമികപരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. ചോരവാര്‍ന്നാണ് മരണം സംഭവിച്ചത്. വെട്ടേറ്റ് കടയ്ക്കുള്ളില്‍ വീണ രാജേഷിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴും ഇയാള്‍ക്കു ബോധമുണ്ടായിരുന്നു. മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചതെന്നും ആരെയും അറിയില്ലെന്നുമാണ് രാജേഷ് പോലീസിനോടു പറഞ്ഞിട്ടുള്ളത്.