മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

rajesh

കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ(35) കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. ക്വട്ടേഷന്‍സംഘം ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്കെടുത്തത് കായംകുളം സ്വദേശിയാണെന്ന് കാര്‍ വാടകയ്ക്ക് നല്‍കിയവര്‍ മൊഴി നല്‍കി. അതേസമയം വണ്ടി മുന്‍പ് കൈമാറിയ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഖത്തറിലെ വനിതാ സുഹൃത്ത്, അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്.

കൊല്ലം, ആലപ്പുഴ കേന്ദ്രീകരിച്ചുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന വിലയിരുത്തലിലാണ് പൊലീസ്. രാജേഷിന്റെ ഫോണില്‍ വന്ന അവസാന കോള്‍ ഖത്തറില്‍ നിന്നാണെന്നും ഇതൊരു സ്ത്രീയായിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. സ്ത്രീയുമായുള്ള സംഭാഷണം നടക്കവെയാണ് കൊല നടക്കുന്നത്. ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നതായും സൈബര്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. നേരത്തെ, വിദേശത്തായിരുന്ന രാജേഷിന് ഈ സ്ത്രീയുമായി സൗഹൃദം ഉണ്ടായിരുന്നതായും നാട്ടിലെത്തിയ ശേഷവും സൗഹൃദവും ഫോണ്‍ വിളിയും തുടര്‍ന്നതായും വിവരമുണ്ട്. രാജേഷിന്റെ മൊബൈല്‍ഫോണും വാട്‌സ്ആപ് സന്ദേശങ്ങളുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.

പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചെന്നൈയില്‍ പോകുന്നതിന്റെ തലേദിവസമാണു രാജേഷ് കൊല്ലപ്പെടുന്നത്. ചെന്നൈയില്‍ ജോലി തരപ്പെടുത്തി നല്‍കിയതും വനിതാ സുഹൃത്താണെന്നാണു പൊലീസിന്റെ നിഗമനം. ഇവര്‍ ഭര്‍ത്താവുമായി അകലാന്‍ ഇടയാക്കിയ സംഭവങ്ങളാണോ ക്വട്ടേഷന്‍ കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം ഹ്രസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ രാജേഷിനെ സമീപിച്ചിരുന്നു. ഇതു രാജേഷിന്റെ നീക്കങ്ങള്‍ അറിയാനായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Top