സിഡ്നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരം പാകിസ്ഥാനെതിരെ സിഡ്‌നിയില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ മുന്‍ താരം സൈമന്‍ കാറ്റിച്ച്. 2018ല്‍ കേപ്ടൗണില്‍ നടന്ന വിവാദമായ ‘പന്ത് ചുരണ്ടല്‍’ സംഭവത്തിലെ പ്രധാനിയായ വാര്‍ണര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാനാകില്ലെന്നും അദേഹത്തിന് ആരും പൂര്‍ണ ബഹുമാനം നല്‍കില്ലെന്നും കാറ്റിച്ച് തുറന്നടിച്ചു. പന്ത് ചുരണ്ടല്‍ വിവാദത്തിലെ പ്രധാനിയായ വാര്‍ണര്‍ക്ക് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ രാജകീയ യാത്രയപ്പ് നല്‍കുന്നതിനെ വിമര്‍ശിച്ച് ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ മുമ്പ് രംഗത്തെത്തിയിരുന്നു.
ഓസീസിന്റെ 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്സ് ടെസ്റ്റിലാണ് കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ ശ്രമം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തിയ അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറെയും 12 മാസത്തേക്കും ബാറ്റര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കി. ഇതിനൊപ്പം സ്മിത്തിന് 2 വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്കും വാര്‍ണര്‍ക്ക് ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിട്ടും പന്ത് ചുരണ്ടല്‍ വിവാദത്തിലെ കുപ്രസിദ്ധി വാര്‍ണറെ വിട്ടൊഴിയില്ല എന്നാണ് മുന്‍ താരങ്ങളുടെ വിമര്‍ശനങ്ങള്‍ വ്യക്തമാക്കുന്നത്. കരിയറിലെ അവസാന ടെസ്റ്റ് മത്സരം സിഡ്നിയില്‍ പാകിസ്ഥാനെതിരെ കളിച്ചുകൊണ്ടിരിക്കുകയാണ് വാര്‍ണര്‍. ആദ്യ ഇന്നിംഗ്സില്‍ 68 പന്തില്‍ 34 റണ്‍സുമായി മടങ്ങി. 112 ടെസ്റ്റ് മത്സരങ്ങളില്‍ 26 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും സഹിതം 44.54 ശരാശരിയില്‍ 8729 റണ്‍സ് ഡേവിഡ് വാര്‍ണര്‍ക്കുണ്ട്. 2023ലെ ഏകദിന ലോകകപ്പോടെ 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വാര്‍ണര്‍ പടിയിറങ്ങിയിരുന്നു.
‘ഡേവിഡ് വാര്‍ണര്‍ക്ക് ഏറെ ബഹുമാനം നല്‍കുക അസാധ്യമാണ്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ മോശം അഭിപ്രായം വാര്‍ണറെ കുറിച്ച് പൊതുസമൂഹത്തിനുണ്ട്. ഓസ്‌ട്രേലിയന്‍ ടീം വിശ്വാസ്യത തിരിച്ചുപിടിച്ചെന്ന് പോലും ഞങ്ങള്‍ പലരും വിശ്വസിക്കുന്നില്ല. എന്നാല്‍ എല്ലാ കുറ്റവും വാര്‍ണറുടെ മാത്രം തലയിലിടുന്നത് ശരിയല്ല. കാമറൂണ്‍ ബാന്‍ക്രോഫ്റ്റും സ്റ്റീവ് സ്മിത്തും സാന്‍ഡ്പേപ്പര്‍ വിവാദത്തിലെ പങ്കാളികളായിരുന്നെങ്കിലും പൊതുസമൂഹം വിശ്വസിക്കുന്നത് കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട് എന്നാണ്. വിവാദ സംഭവത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും വാര്‍ണര്‍ ചെയ്ത കുറ്റം പൂര്‍ണമായും മറക്കുക അസാധ്യമാണെന്നും’ ഓസീസ് മുന്‍ ഓപ്പണറായ സൈമണ്‍ കാറ്റിച്ച് ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.