ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ‘ദി എനര്‍ജി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ (ടെറി) മുന്‍ ഡയറക്ടറുമായ ഡോ. രാജേന്ദ്ര കെ. പച്ചൗരി (ആര്‍.കെ.പച്ചൗരി 79) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തന്റെ അവസാന കാലംവരെയും പഠനം, പരീക്ഷണം, യാത്ര എന്നതു മാത്രം ജീവിതലക്ഷ്യമാക്കി പ്രവര്‍ത്തിച്ചയാളാണ് പച്ചൗരി. 2007ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ട യുഎന്‍ കാലാവസ്ഥാമാറ്റ ഗവേഷണ സമിതിയുടെ (ഐപിസിസി) അധ്യക്ഷനായിരുന്നു.
ഡീസല്‍ ട്രെയിന്‍ എന്‍ജിനുണ്ടാക്കുന്ന വാരാണസിയിലെ ഡീസല്‍ ലോക്കോമോട്ടീവില്‍ എന്‍ജിനീയറായാണ് പച്ചൗരി ഔദ്യോഗിക ജീവിതം തുടങ്ങിയത്.
യുഎസില്‍നിന്നു രണ്ട് ഡോക്ടറേറ്റുകള്‍ – ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങിലും സാമ്പത്തിക ശാസ്ത്രത്തിലും. അവിടെ അധ്യാപനം. 1975ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. പിന്നീട് ടെറി ആയി മാറിയ ടാറ്റാ എന്‍ജി. റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ ജനറല്‍ ആയി.
ഗവേഷണത്തിനു സര്‍ക്കാര്‍ ഗ്രാന്റുകളും വിദേശ സഹായവുമൊക്കെ വാങ്ങുന്ന രീതിയില്‍നിന്നു ടെറിയെ, ഗവേഷണ ഫല മാര്‍ക്കറ്റിങ്ങിലൂടെ സ്വയംപര്യാപ്ത സ്ഥാപനമായി വളര്‍ത്തിയതിനു ശേഷമാണു പച്ചൗരി ഐപിസിസി അധ്യക്ഷനായത്. അന്തരീക്ഷ പഠന വിദഗ്ധര്‍, സമുദ്ര ഗവേഷകര്‍, മഞ്ഞു ഗവേഷകര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങി ആയിരക്കണക്കിനു പേരടങ്ങുന്നതാണ് ഐപിസിസി
ഭൂമിക്കും മനുഷ്യനും ഹാനികരമായ കാലാവസ്ഥാ മാറ്റത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണ ശ്രമങ്ങളാണു നൊബേല്‍ ബഹുമതിക്കു ഐപിസിസിയെ അര്‍ഹമാക്കിയത്. നൂറ്റിമുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഉള്‍പ്പെടുന്ന ഐപിസിസിയെ കൃത്യതയുള്ള ലക്ഷ്യബോധത്തോടെയാണു പച്ചൗരി നയിച്ചത്.