കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ കരുത്ത് അറിയാത്ത ബി.ജെ.പി നേതാവാണ് മുൻ ത്രിപുര മുഖ്യൻ ബിപ്ലവ ദേബ്

ത്രിപുരയിലെ പ്രമുഖ ബി.ജെ.പി നേതാവാണ് മുൻ മുഖ്യമന്ത്രി കൂടിയായ ബിപ്ലബ് ദേബ്. ഈ നേതാവിന്റെ നേതൃത്വത്തിൽ ത്രിപുര ഭരണം പിടിച്ചതു വഴി പ്രത്യയശാസ്ത്ര വിജയമാണ് ബി.ജെ.പി നേടിയതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവകാശപ്പെട്ടിരുന്നത്. ആർ.എസ്.എസിനും മറ്റു സംഘപരിവാർ സംഘടനകൾക്കും ആവേശമായിരുന്ന ത്രിപുര ഇപ്പോൾ അവർക്ക് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ചുവപ്പിനുമേൽ നേടിയ ആധിപത്യം ഇത്തവണ കൈവിട്ടു പോകുമോ എന്ന ഭയമാണ് പരിവാർ നേതൃത്വത്തിനുള്ളത്. ഇടതുപക്ഷ മതേതരചേരി അധികാരത്തിൽ വന്നാൽ ബി.ജെ.പി ഭരണത്തിൻ കീഴിൽ നടന്ന വേട്ടയാടലുകൾക്ക് പകരം ചോദിക്കുമോ എന്നതാണ് ബി.ജെ.പി നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. അതുകൊണ്ടു തന്നെ ആവനാഴിയിലെ സകല ആയുധങ്ങളും ഉപയോഗിച്ചാണ് ബി.ജെ.പി ത്രിപുരയിൽ ഇപ്പോൾ പൊരുതുന്നത്. ഈ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ തെറ്റായ വാദങ്ങളാണ് സി.പി.എമ്മിനെതിരെ നിരന്തരം ഉയർത്തി കൊണ്ടിരിക്കുന്നത്. ഇതിൽ വിചിത്രമായ കണ്ടെത്തലുകളും ഉൾപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

“കേരളത്തിൽ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്റെ ശക്തിയായി കാണാനാകില്ലന്നതാണ് ബിപ്ലബിന്റെ പ്രധാന വാദം. ഇടതുപക്ഷത്തെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉള്ളതിനാലാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കേരളം എന്താണന്നും ഇവിടുത്തെ സി.പി.എമ്മിന്റെ കരുത്ത് എന്താണെന്നും മനസ്സിലാക്കാതെയുള്ള ഇത്തരം പ്രതികരണങ്ങൾ കേരളത്തിലെ ബി.ജെ.പി നേതാക്കൾ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിൽ ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വന്നതും രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതും ഇടതുപക്ഷമായി മത്സരിച്ചിട്ടു തന്നെയാണെന്നത് കേരളത്തിലെ ബി.ജെ.പി നേതാക്കൾ ബിപ്ലബ് ദേബിനോടാണ് ആദ്യം പറഞ്ഞു കൊടുക്കേണ്ടത്. ഒറ്റയ്ക്ക് മത്സരിച്ചാൽ സി.പി.എമ്മിന്റെ കരുത്ത് എന്താണെന്നതും ഇത്തരം ആളുകൾ പരിശോധിക്കുന്നത് നല്ലതായിരിക്കും.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് സി.പി.എം. വിദ്യാർത്ഥി – യുവജന മേഖലകളിലും തൊഴിലാളി മേഖലകളിലുമെല്ലാം സി.പി.എമ്മിന്റെ വർഗ്ഗ ബഹുജന സംഘടനകളുടെ കരുത്തിന്റെ എത്രയോ അകലെയാണ് മറ്റെല്ലാ സംഘടനകളുംവരിക എന്നതും ബിപ്ലബ് ദേബുമാർ തിരിച്ചറിയുന്നത് നല്ലതാണ്. കേരളത്തിൽ എല്ലാ പാർട്ടികളും ഒറ്റയ്ക്കു മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ മൃഗീയ ഭൂരിപക്ഷത്തിന് കേരള ഭരണം ആദ്യം പിടിക്കുക സി.പി.എമ്മായിരിക്കും. അതും ഓർത്തു കൊള്ളണം. യു.ഡി.എഫിനെ സംബന്ധിച്ച് ഭരണം ലഭിക്കുമെന്ന പ്രതീക്ഷ നിലനിർത്താൻ പോലും ഘടക കക്ഷികൾ അനിവാര്യമാണ്. മുസ്ലീംലീഗ് എന്ന പാർട്ടി യു.ഡി.എഫിൽ ഇല്ലങ്കിൽ കോൺഗ്രസ്സിന് ശക്തമായ ഒരു മത്സരം കാഴ്ചവയ്ക്കാനുള്ള ശേഷി പോലും ഉണ്ടാകുകയുമില്ല. അതുപോലെ തന്നെ ബി.ഡി. ജെ.എസിനെ ഒപ്പം കൂട്ടിയിട്ടും ഉള്ള സീറ്റു പോലും സംരക്ഷിച്ചു നിർത്താൻ പറ്റാതിരുന്ന പാർട്ടിയാണ് ബി.ജെ.പി എന്ന യാഥാർത്ഥ്യവും വിമർശകർ കാണണം.

അതേസമയം ഇടതുപക്ഷത്തെ സ്ഥിതി അതല്ല ഇവിടെ സി.പി.എമ്മിന്റെ ശക്തി തന്നെയാണ് ഏറെ നിർണ്ണായകം. മുന്നണിയിലെ മറ്റു പ്രധാന ഘടക കക്ഷികളായ സി.പി.ഐക്കും കേരള കോൺഗ്രസ്സിനും ചില ജില്ലകളിൽ മാത്രമാണ് സ്വാധീനമുള്ളത്. ഇവർക്കാകട്ടെ ഒറ്റയ്ക്ക് ഒന്നും നേടാൻ സാധിക്കുകയുമില്ല. എൻ.സി.പി, ജെ.ഡി.യു, കേരള കോൺഗ്രസ്സ് -ബി, കോൺഗ്രസ്സ് -എസ് , ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്സ്, തുടങ്ങിയ മറ്റു ഇടതു ഘടക കക്ഷികൾക്ക് ഒറ്റയ്ക്കു മത്സരിച്ചിൽ പഞ്ചായത്തുകളിൽ പോലും വിജയിക്കാനുള്ള ശേഷിയുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവരെല്ലാം സി.പി.എമ്മിന്റെ ചിറകിലേറിയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഒരു എം.എൽ.എ ഉള്ള പാർട്ടികൾക്കു പോലും മന്ത്രി സ്ഥാനം നൽകിയതു തന്നെ സി.പി.എമ്മിന്റെ വലിയ വിട്ടുവീഴ്ചയാണ്. ഈ യാഥാർത്ഥ്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും ഇത്തരമൊരു തെറ്റായ പ്രസ്താവന ത്രിപുരയിലെ ബി.ജെ.പി നേതാവ് നടത്തില്ലായിരുന്നു.

“കമ്യൂണിസ്റ്റുകാർ വികസന വിരുദ്ധർ ആണെന്നും പാവപ്പെട്ടവരുണ്ടെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലും മാത്രമേ കമ്യൂണിസ്റ്റുകാർക്ക് സമരം ചെയ്യാനാകൂ” എന്നതാണ് ബിപ്ലവദേബ് ഉയർത്തിയിരിക്കുന്ന മറ്റൊരു വാദം. താൻ പറയുന്നത് എന്താണെന്നത് അദ്ദേഹത്തിനു പോലും നിശ്ചയമുണ്ടോ എന്ന കാര്യത്തിലും ഇതോടെ സംശയമുയർന്നിട്ടുണ്ട്. വികസന വിരോധികളാണ് കേരളത്തിലെ കമ്യൂണിസ്റ്റുകളെന്ന ആരോപണം ഉന്നയിക്കുന്ന ബിപ്ലവദേബ് ആദ്യം കേരളം എന്താണെന്നതാണ് പഠിക്കേണ്ടത്. അതു പോലെ തന്നെ പാവപ്പെട്ടവരും പ്രശ്നങ്ങളും ഉള്ളടത്തു തന്നെയാണ് കമ്യൂണിസ്റ്റുകളുടെ സാന്നിധ്യവും ഉണ്ടാവേണ്ടത് എന്നതും മനസ്സിലാക്കണം.

ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പട്ടിണി പാവങ്ങളുടെയും രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ഉയർത്തിപ്പിടിക്കുന്നത്. ഈ പോരാട്ടങ്ങളുടെ ഉൽപ്പന്നമാണ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു സർക്കാർ. ലോക ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നതും ഈ കൊച്ചു കേരളത്തിലാണ്. ജാതിക്കും മതത്തിനും സമ്പത്തിനും നിറത്തിനും എല്ലാം മീതെ മനുഷ്യരെ മനുഷ്യരായി മാത്രം കാണുന്ന മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ വിജയം കൂടി ആയിരുന്നു അത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാറും മുന്നോട്ടു പോകുന്നത്.

വ്യക്തികൾക്കു മാത്രമല്ല ഏതു പാർട്ടികൾക്കും സർക്കാരുകൾക്കും തെറ്റുകളും പിഴവുകളും സംഭവിക്കാം. ഇക്കാര്യങ്ങളിൽ വിമർശനങ്ങളും സ്വാഭാവികമാണ്. അതിനെ അതിന്റേതായ സ്പിരിറ്റിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ കാണേണ്ടത്. അതല്ലാതെ കേവലം രാഷ്ട്രീയ താൽപ്പര്യം മുൻ നിർത്തി വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ത്രിപുരയിൽ ഇരുന്ന് വിളിച്ചു പറയുന്നത് ശരിയായ കാര്യമല്ല. കേരളത്തിന് ഇടതുപക്ഷ സർക്കാറുകൾ നൽകിയ നേട്ടത്തോളം മറ്റൊരു സർക്കാരുകളും നൽകിയിട്ടില്ലന്നത് ചരിത്രം പരിശോധിച്ചാൽ ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. വിവര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത് ഇത്തരം തെറ്റിധരിപ്പിക്കലിന്റെ രാഷ്ട്രീയത്തിന് അല്പായുസ് മാത്രമാണ് ഉണ്ടാവുക എന്നതും ബിപ്ലവ ദേബ് തിരിച്ചറിയുന്നതും നല്ലതായിരിക്കും.

EXPRESS KERALA VIEW

Top