ഖത്തറിനെ ആക്രമിക്കാന്‍ സൗദി ഒരുങ്ങി . . ! തടഞ്ഞത് അമേരിക്കന്‍ വിദേശകാര്യ വകുപ്പ്

മോസ്‌കോ: ഖത്തറിനെ ആക്രമിക്കാന്‍ സൗദി-യു.എ.ഇ രാഷ്ട്രങ്ങള്‍ ഒരുങ്ങിയിരുന്നതായി സ്ഥിരീകരണം.

പ്രമുഖ റഷ്യന്‍ മാധ്യമം ‘റഷ്യ ടുഡേ’യാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന റെക്‌സ് ടിലേഴ്‌സണ്‍ ഇടപെട്ടാണ് വിനാശകരമായ യുദ്ധത്തില്‍ നിന്നും സൗദിയെയും സഖ്യരാജ്യങ്ങളെയും പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10,000ത്തോളം അമേരിക്കന്‍ സൈനികര്‍ ഇപ്പോഴും ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിലുണ്ട് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ടില്ലേഴ്‌സണ്‍ ഇടപെട്ടതത്രെ.

എന്നാല്‍ പിന്നീട് ഈ ഇടപെടലില്‍ കുപിതരായ സൗദി സഖ്യം ട്രംപില്‍ സമ്മര്‍ദ്ദം ചെലുത്തി റെക്‌സ് ടില്ലേഴ്‌സണെ തല്‍സ്ഥാനത്ത് നിന്നും തെറിപ്പിച്ചതായും ‘റഷ്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുവൈറ്റ്-ഇറാഖി സേന ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയെ കരുതി ഖത്തറില്‍ അമേരിക്ക സൈനിക താവളം തുറന്നിരുന്നത്. കുവൈറ്റ് ആക്രമണത്തിന്റെ ഇരുപത്തിയെട്ടാമത് വാര്‍ഷികമാണ് വ്യാഴാഴ്ച ആചരിക്കുന്നത്.

ആക്രമണം സംബന്ധിച്ച് ആദ്യം ഖത്തറിന് ലഭിച്ച വിവരം അമേരിക്കന്‍ വിദേശകാര്യസെക്രട്ടറിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എ ഇത് സ്ഥിരീകരിക്കുകയും ടിലേഴ്‌സണ്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. താല്‍കാലികമായി യുദ്ധഭീതി അന്ന് ഒഴിഞ്ഞെങ്കിലും ഇപ്പോഴും അത് നിലനില്‍ക്കുക തന്നെയാണ്.

Rex Tillerson, Saudi ,UAE , Qatar

ഈ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ റഷ്യയുമായുള്ള സൈനീക സഖ്യത്തിന് ഖത്തര്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഒരു കാരണവശാലും വിശ്വസിക്കാന്‍ പാടില്ലന്ന നിലപാടിലാണ് ഖത്തര്‍. ഇതിനായി റഷ്യയെ കൂട്ടുപിടിച്ച് വന്‍ ആയുധശേഖരം വാങ്ങിക്കൂട്ടാനും സൈനിക സഹകരണമുണ്ടാക്കാനുമാണ് ഖത്തര്‍ ഭരണാധികാരികളുടെ തീരുമാനം.

നിലവില്‍ ഇറാന്‍, തുര്‍ക്കി രാജ്യങ്ങളുമായി ആയുധ-വ്യാപാര ഇടപാട് ഖത്തറിനുണ്ട്. ഇതിനു പിന്നാലെയാണ് ലോക വന്‍ശക്തിയുടെ പിന്തുണയും ആര്‍ജ്ജിക്കുന്നത്.

ഇറാനില്‍ നിന്നുള്ള ഭീകരവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരേപിച്ച് ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സൗദി, യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങളെ നിലക്ക് നിര്‍ത്തുകയും മേഖലയില്‍ വന്‍ ശക്തിയാവുകയുമാണ് ഖത്തറിന്റെ ലക്ഷ്യം. തങ്ങളുടെ നേരെ ചെറുവിരലനക്കാന്‍ ഇനി സൗദിക്ക് കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ഖത്തര്‍.

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം എത്രയും പെട്ടെന്ന് അടച്ചു പൂട്ടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വേണ്ടിവന്നാല്‍ റഷ്യക്ക് ഇവിടെ സൈനിക താവളം തുറക്കാന്‍ അനുമതിയും നല്‍കും. സൗദി, യു.എ.ഇ ഭരണകൂടങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഈ നീക്കത്തെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സൈനിക താവളം സൗദിയിലെ സുല്‍ത്താന്‍ എയര്‍ഫോഴ്‌സ് താവളത്തിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

സൗദിയുമായുള്ള അമേരിക്കന്‍ അടുപ്പവും, ഉപരോധത്തിന് പിന്നില്‍ നിന്നും ചരട് വലിച്ചതുമാണ് ഖത്തറിനെ ഏറെ പ്രകോപിപ്പിച്ചിത്. റഷ്യന്‍ ചേരിയിലേക്ക് മടങ്ങാന്‍ ഖത്തറിനെ പ്രേരിപ്പിച്ചതിലെ പ്രധാന ഘടകവും ഇതുതന്നെയാണ്. കഴിഞ്ഞ ജനുവരിയില്‍ തന്നെ റഷ്യയുമായി ‘ബദല്‍’ സംബന്ധമായ ചര്‍ച്ചകള്‍ക്ക് ഖത്തര്‍ തുടക്കമിട്ടിരുന്നു.

qatar

അതേസമയം റഷ്യയില്‍ നിന്നും അത്യന്തം പ്രഹര ശേഷിയുള്ള എസ് 400 മിസൈല്‍ വാങ്ങാനുള്ള ഖത്തറിന്റെ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കത്ത് നല്‍കിയിട്ടുണ്ട്. ഖത്തറിന്റെ റഷ്യന്‍ ബന്ധം എത്രമാത്രം സൗദിയെ ഭയപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണിത്.

റഷ്യയും ഇറാനും ചേര്‍ന്ന് ഖത്തറിനെ മുന്‍നിര്‍ത്തി ആക്രമിക്കാനും സൗദി-യു.എ.ഇ ഭരണകൂടങ്ങളെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ വൈറ്റ് ഹൗസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതായി നേരത്തെ പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെ റഷ്യയുമായി ആയുധ ഇടപാട് നടത്തിയാല്‍ ഖത്തറിനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന സൗദിയുടെ വീണ്ടുമുള്ള ഭീഷണി മേഖലയില്‍ വലിയ യുദ്ധഭീതിക്കാണ് കാരണമായിരിക്കുന്നത്. ഖത്തറിനെ ആക്രമിച്ചാല്‍ റഷ്യ രംഗത്തിറങ്ങുമെന്ന ഉറപ്പ് പുടിന്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നല്‍കിയിട്ടുണ്ടത്രെ.

അമേരിക്കന്‍ സഖ്യകക്ഷികളായ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി പോലും ഖത്തറിന് വലിയ അടുപ്പം ഉള്ളതിനാല്‍ ഏകപക്ഷീയമായി കടുത്ത നടപടിയിലേക്ക് പോകാന്‍ അമേരിക്കക്കും ഇനി പ്രായോഗിക ബുദ്ധിമുട്ടായിരിക്കും.

മാത്രമല്ല ഇന്ത്യയും ഖത്തറിനെതിരെ നിലപാട് സ്വീകിരിക്കാന്‍ കഴിയില്ലന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അധികം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത് ഖത്തറില്‍ നിന്നാണ്. സൗദി സഖ്യസേനയുടെ തലപ്പത്ത് മുന്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിയെ പ്രതിഷ്ടിച്ചതിലും ഇന്ത്യക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ നിലപാടും സൗദിക്ക് വലിയ തിരിച്ചടിയാണ്.

Top