ലക്‌നൗ: മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലായ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള കല്യാണ്‍ സിംഗ് 2014 മുതല്‍ 2019 വരെ രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു. രണ്ട് തവണ ലോക്‌സഭാ എംപി ആയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ്. 1991ലാണ് അദ്ദേഹം ആദ്യമായി അധികാരത്തിലെത്തിയത്. 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ കല്യാണ്‍ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 1997ല്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.