ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരസ്യമായി വിമര്‍ശിച്ച പാക് മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മിയാന്‍ദാദ് ഇമ്രാന്‍ ഖാനോട് മാപ്പ് പറഞ്ഞത്. കുറച്ച് ദിവസം മുന്‍പാണ് പാക് പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം മിയാന്‍ദാദ് ഉയര്‍ത്തിയത്.
പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ക്കുന്നതു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണെന്നായിരുന്നു മിയന്‍ദാദിന്റെ പ്രധാന ആരോപണം. അധികം വൈകാതെ ഇമ്രാന്‍ ഖാനെതിരെ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും താന്‍ ആരാണെന്ന് ഇമ്രാനു കാട്ടിക്കൊടുക്കുമെന്നും മിയന്‍ദാദ് പറഞ്ഞു. ഇപ്പോള്‍ തന്റെ പേരിലുള്ള യൂട്യൂബ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ മാപ്പ് പറച്ചില്‍.
എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ടീമിന്റെ ദയനീയ പ്രകടനം കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി. അതുകൊണ്ടാണ് കടുത്ത വിമര്‍ശനം നടത്തിയത്. ഇമ്രാന്‍ ഖാനോടും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ക്രിക്കറ്റ് ആരാധകരോടും എനിക്ക് വലിയ ബഹുമാനമുണ്ട് മിയാന്‍ദാദ് വീഡിയോയില്‍ പറയുന്നു.