ലണ്ടന്‍: ഫോര്‍മുല വണ്‍ കാര്‍ റേസിലും കോവിഡ് സ്ഥിരീകരിച്ചു. റേസിങ് പോയിന്റ് ടീമിന്റെ മെക്സിക്കന്‍ ഡ്രൈവറായ സെര്‍ജിയോ പെരസിനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈയുടെ തുടക്കത്തിലായിരുന്നു സീസണിലെ ആദ്യത്തെ റേസ്. കോവിഡ് പിടിപെട്ടതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ നിന്നും പെരസ് പിന്മാറിയിട്ടുണ്ട്.
ബ്രിട്ടീഷ് ഗ്രാന്റ്പ്രീയുടെ സംഘാടകര്‍, പ്രാദേശിക ആരോഗ്യ അധികാരികള്‍, ഫിയയുടെ കോവിഡ്-19 പ്രതിനിധി എന്നിവരുടെ നിര്‍ദേശപ്രകാരം മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞു. സെര്ജിയോയുമായി ബന്ധം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റീനിലേക്കു മാറ്റിയിട്ടുണ്ട്. പെരസ് ശാരീരികമായി നല്ല അവസ്ഥയിലാണെന്നും നല്ല സ്പിരിറ്റിലാണ് ഇതിനെ കാണുന്നതെന്നും റേസിങ് പോയിന്റ് ടീം വ്യക്തമാക്കി.