ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്‍മുഖം. വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടു പോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു.
2016ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നു.
ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം ആരാണ് എതിര്‍ത്തത്? എവിടെയോ കള്ളക്കളി നടന്നിട്ടുണ്ട്. അതില്‍ കേസെടുക്കണം. അവരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു.
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ എഐഎഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായ് ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് സമന്‍സ് അയച്ചിരുന്നു. ജയലളിതയെ 2016 സെപ്റ്റംബറില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ലണ്ടന്‍ ബ്രിഡ്ജ് ഹോസ്പിറ്റലിലെ ഡോക്ടറായ റിച്ചാര്‍ഡ് ബെയില്‍ ചികിത്സ നടത്താനായ് പലവട്ടം എത്തിയിരുന്നു, ഇതിനെ തുടര്‍ന്നാണ് അന്വേഷണ കമ്മീഷന്‍ ഡോക്ടര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.
റിച്ചാഡിനെ കൂടാതെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ആരോഗ്യമന്ത്രി സി. ഭാസ്‌കര്‍, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ജയലളിതയ്ക്ക് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായിരുന്നുവെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ ഒരു ഹര്‍ജിയില്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.