വാതകച്ചോര്‍ച്ചയ്ക്ക് സമാനമായ ദുര്‍ഗന്ധം; സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ബിഎംസി

മുംബൈ: നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വാതകച്ചോര്‍ച്ചയ്ക്ക് സമാനമായ ദുര്‍ഗന്ധം വമിക്കുന്നതായി നിരവധി പേര്‍ പരാതിപ്പെട്ടതിനെ
തുടര്‍ന്ന് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. ചെമ്പൂര്‍, ഗട്കോപാര്‍, കഞ്ജുര്‍മാര്‍ഗ്, വിഖ്രോലി, അന്ധേരി മന്‍ഖുര്‍ദ് എന്നീ പ്രദേശവാസികളാണ് ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി മുന്‍സിപ്പല്‍ കോര്‍പറേഷന് പരാതി നല്‍കിയത്.

‘സാഹചര്യം നിയന്ത്രണത്തിലാണ്. ുര്‍ഗന്ധത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 17 അഗ്‌നിശമന സേനാവാഹനങ്ങള്‍ സര്‍വസജ്ജീകരണങ്ങളോടെ അതാതിടങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ മറ്റ് തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് ‘. ബിഎംസി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ദുര്‍ഗന്ധം ശ്വസിക്കുന്നതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ നനഞ്ഞ തുണിയോ ടൗവ്വലോ മൂക്ക് മൂടുന്ന വിധത്തില്‍ ധരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി ആദിത്യ താക്കറെയും ട്വീറ്റ് ചെയ്തു.

ഗോവണ്ടിയില്‍ ഇന്ദിര അപാര്‍ട്മെന്റിന് സമീപം യുഎസ് വിറ്റാമിന്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച ഉണ്ടായതായി വാര്‍ത്ത വന്നതിന് പിന്നാലെയാണ് ദുര്‍ഗന്ധത്തെ കുറിച്ചുള്ള പരാതികള്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് ലഭിച്ചത്.

Top