ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം, നാല് പേര്‍ അറസ്റ്റില്‍

arrest

അഗര്‍ത്തല: ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍.

ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് പ്രവര്‍ത്തകരും സി.പി. എമ്മിന്റെ ഗോത്രവര്‍ഗ വിഭാഗമായ ത്രിപുര രാജേര്‍ ഉപജാതി ഗണമുക്തി പരിഷത്തും തമ്മില്‍ ഏറ്റുമുട്ടിയത്. ഇവിടുത്തെ റോഡ് ഉപരോധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശാന്തനുവിനെ പ്രവര്‍ത്തകര്‍ വളഞ്ഞ് ആക്രമിച്ചത്.

സംഘര്‍ഷത്തില്‍ 16 ഓളം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യം താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനു ശേഷം ഇപ്പോള്‍ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് ദിവസമായി വടക്കന്‍ ത്രിപുരയില്‍ സി.പി.എമ്മിന്റെ ആദിവാസി വിഭാഗമായ ത്രിപുര രജായീര്‍ ഉപജാതി ഗാനമുക്തി പരിഷത്തും(ടി.ആര്‍.യു.ജി.പി) പ്രവര്‍ത്തകരും ഐ.പി.എഫ്.ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇത് തടയുന്നതിനായി പ്രദേശത്ത് ക്രിമിനല്‍ ചട്ടം അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത് ലംഘിച്ച് ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ സമരം സംഘടിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഇതിനെ നേരിടാന്‍ എതിര്‍ വിഭാഗവും രംഗത്തെത്തിയതോടെ സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു.

Top