ജമ്മു കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു; ആസാദിനെ പിന്തുണച്ച് നാല് നേതാക്കൾ കൂടി പാർട്ടി വിട്ടു

ഡൽഹി: ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. ആസാദിനെ പിന്തുണച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ നാല് നേതാക്കൾ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു. അപ്നി പാർട്ടിയുടെ ഒരു ഡസനോളം പ്രമുഖ പ്രവർത്തകരും തിങ്കളാഴ്ച പാർട്ടി വിട്ടു.

കത്വയിലെ ബാനിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎയായ ഹൈദർ മാലിക്, മുൻ എംഎൽസിമാരായ സുബാഷ് ഗുപ്ത, ഷാം ലാൽ ഭഗത് എന്നിവർ രാജിക്കത്ത് പാർട്ടി ഹൈക്കമാൻഡിന് കൈമാറി. ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീർ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹേശ്വർ സിംഗ് മാൻഹാസും പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

ദോഡയിൽ നിന്നുള്ള അപ്നി പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് അസ്ഗർ ഹുസൈൻ ഖണ്ഡേ, ജില്ലാ ജനറൽ സെക്രട്ടറി വീരേന്ദർ കുമാർ ശർമ്മ, ജില്ലാ വൈസ് പ്രസിഡന്റ് (വനിതാ വിഭാഗം) പ്രൊമിള ശർമ എന്നിവരുൾപ്പെടെ 12 പ്രവർത്തകർ ആസാദിന് പിന്തുണച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിട്ടുണ്ട്.

Top