ഗസ്സയില്‍ നാലുദിവസം വെടിനിര്‍ത്തലിന് കരാര്‍; തീരുമാനം ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചു

50 ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി ഇസ്രയേല്‍ ധാരണയായതോടെ ഗസ്സയില്‍ നാലുദിവസം വെടിനിര്‍ത്തലിന് കരാര്‍. തീരുമാനം ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. 150 പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ബന്ദികളുടെ മോചനത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് ഇടപെട്ടു.

മാനുഷിക ഉടമ്പടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് ഇറക്കിയ പ്രസ്താവനയിലും 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഏഴാഴ്ച നീണ്ട സമ്പൂര്‍ണയുദ്ധത്തിന് ശേഷമാണ് ഗസ്സയില്‍ താത്ക്കാലികമായെങ്കിലും വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നത്. വെടിനിര്‍ത്തല്‍ നിലവിലുള്ള ദിവസങ്ങളില്‍ കരയില്‍ പൂര്‍ണമായ വെടിനിര്‍ത്തലും തെക്കന്‍ ഗസ്സയ്ക്ക് മുകളിലൂടെയുള്ള വ്യോമാക്രമണത്തിന് നിയന്ത്രണവുമുണ്ടാകും.

വെടിനിര്‍ത്തല്‍ കരാര്‍ വോട്ടെടുപ്പിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ വലതുപക്ഷ സഖ്യത്തിനുള്ളില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനമാണ് നേരിട്ടത്. ഇസ്രയേല്‍ കണ്ട ഏറ്റവും മോശമായ ആക്രമണം നടത്തിയ ഹമാസിന് വഴങ്ങേണ്ടതില്ലെന്ന വിമര്‍ശനമാണ് ചില അംഗങ്ങള്‍ ഉന്നയിച്ചത്. ഇസ്രയേലി സൈനികരുടെ മോചനം കൂടി കരാറില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറും അഭിപ്രായപ്പെട്ടു.

Top