റാസല്‍ഖൈമ: യുഎഇയില്‍ നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. റാസല്‍ഖൈമ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് തടവും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും വിധിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ വില്‍പന നടത്തി പണം സമ്പാദിക്കുന്നതായിരുന്നു പ്രതികളുടെ രീതി.
നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ വീടുകള്‍ മാത്രമാണ് മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. മതില്‍ ചാടി, വാതിലുകളും ജനലുകളും പൊളിച്ച് അകത്തു കടന്ന ശേഷം വയറുകളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വാട്ടര്‍ പമ്പുകളുമൊക്കെയായിരുന്നു മോഷ്ടിച്ചിരുന്നത്. വിലപിടിപ്പുള്ളതും എന്നാല്‍ അധികം ഭാരമില്ലാത്തതുമായ സാധനങ്ങളായിരുന്നു ലക്ഷ്യം.
നിര്‍മാണത്തിലിരുന്ന 15 വീടുകളില്‍ നിന്ന് മോഷണം നടന്നതായി പരാതികള്‍ ലഭിച്ചതോടെ സംഭവം അന്വേഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ അധികൃതര്‍ നിയോഗിച്ചു. ഇവരുടെ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തുന്ന നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ചില മേഖലകളില്‍ രാത്രി സമയത്ത് മാറ്റാരെയോ കാത്തു നില്‍ക്കുകയായിരുന്ന യുവാക്കളില്‍ പൊലീസിന് സംശയം തോന്നി.
ഇവരെ അറസ്റ്റ് ചെയ്‍ത് പരിശോധിച്ചപ്പോള്‍ വാതിലുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന വാളുകള്‍, പലതരം കത്രികകള്‍, മറ്റ് ആയുധനങ്ങള്‍, ഒരു കവര്‍ നിറയെ കോട്ടണ്‍ ഗ്ലൗസുകള്‍ തുടങ്ങിയവ ഇവരുടെ പക്കലുണ്ടായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്‍തതോടെ മോഷണം നടത്തിയ വിവരം ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. 15 വീടുകളിലും അതിക്രമിച്ച് കയറി മോഷ്ടിച്ചത് ഒരേ സംഘം തന്നെയായിരുന്നു. മോഷ്ടിച്ച സാധനങ്ങള്‍ എന്ത് ചെയ്‍തുവെന്ന ചോദ്യത്തിന് അവ മറ്റൊരു പ്രവാസിക്ക് വിറ്റെന്നായിരുന്നു മറുപടി. ഇയാളെയും പൊലീസ് കണ്ടെത്തി ചോദ്യം ചെയ്‍തു. സാധനങ്ങള്‍ പ്രതികളില്‍ നിന്ന് വാങ്ങിയെന്ന സമ്മതിച്ച ഇയാള്‍, പക്ഷേ അവ മോഷണ വസ്‍തുക്കളാണെന്ന് അറിയില്ലായിരുന്നുവെന്ന് മൊഴി നല്‍കി. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കേസില്‍ വിധി പ്രസ്‍താവിക്കുകയായിരുന്നു.