ഗ്രീസില്‍ കപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരെ കാണാതായി: തിരച്ചില്‍ തുടരുന്നു

ഏഥന്‍സ്: ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ ഞായറാഴ്ച പുലര്‍ച്ചെ കടല്‍ക്ഷോഭത്തില്‍ ചരക്കുകപ്പല്‍ മുങ്ങി നാല് ഇന്ത്യക്കാരുള്‍പ്പെടെ 13 ജീവനക്കാരെ കാണാതായിരുന്നു. ലെബോസില്‍ മുങ്ങിയ ചരക്കുകപ്പലിലെ 4 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെക്കുറിച്ച് ഇത് വരെ വിവരങ്ങളെന്നും ലഭിച്ചിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് ഈജിപ്തിലെ ദെഖിലയില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്തംബുളിലേക്കു പോവുകയായിരുന്ന കപ്പല്‍ മുങ്ങിയത്. ഇന്ത്യക്കാര്‍ക്കു പുറമേ 8 ഈജിപ്തുകാര്‍, 2 സിറിയക്കാര്‍ എന്നിവരാണ് കപ്പലിലുണ്ടായിരുന്നത്.

പുലര്‍ച്ചെ സാങ്കേതിക തകരാറുണ്ടായതായി ക്യാപ്റ്റന്‍ സമീപത്തെ തുറമുഖത്ത് അറിയിച്ചിരുന്നു. ഒരു മണിക്കൂറിനു ശേഷം കപ്പല്‍ മുങ്ങുന്നതായും അറിയിച്ചു. 6000 ടണ്‍ ഉപ്പായിരുന്നു കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. ഗ്രീസ് നാവികസേനയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ നടത്തിയെങ്കിലും ഒരു ഈജിപ്ഷ്യന്‍ നാവികനെ മാത്രമാണ് രക്ഷപ്പെടുത്താനായത്. പ്രതികൂല കാലാവസ്ഥ തിരച്ചില്‍ തുടരുന്നതിനു തടസ്സമായതാണ് വിവരം. ഇന്ത്യക്കാര്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നുള്ളവരാണെന്ന വിവരം ലഭിച്ചിട്ടില്ല. തിരച്ചില്‍ തുടരുന്നു.

Top