ന്യൂഡല്‍ഹി: പാട്‌ന, ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര ഹൈക്കോടതികളിലെ ചീഫ്ജസ്റ്റീസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റീസുമാരായ എം.ആര്‍ ഷാ, ആര്‍.എസ് റെഡ്ഡി, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരെയാണ് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധിയായി ജസ്റ്റീസ് ഷായേയും തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധിയായി ജസ്റ്റീസ് റെഡ്ഡിയേയുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ സുപ്രീം കോടതിയില്‍ ഗുജറാത്തിനും തെലുങ്കാനയ്ക്കും പ്രതിനിധികളില്ല.
ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആകും. ഇവരെ കൂടാതെ ഇനിയും മൂന്നു ജഡ്ജിമാരുടെ ഒഴിവ് കൂടി സുപ്രീം കോടതിയിലുണ്ട്. ഏതാനും മാസം കഴിയുമ്പോള്‍ വീണ്ടും ജഡ്ജിമാരുടെ ഒഴിവ് വര്‍ധിക്കും. നവംബറില്‍ മലയാളിയായ ജസ്റ്റീസ് കുര്യന്‍ ജോസഫ് വിരമിക്കും.ഡിസംബറില്‍ മദന്‍ ബി. ലോക്കൂറും അടുത്ത വര്‍ഷം മാര്‍ച്ചില്‍ എ.കെ സിക്രിയും വിരമിക്കും.