ബംഗളൂരു: ലോക്ക് ഡൗണില്‍ ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വിതരണം ചെയ്ത നാലുപേര്‍ പിടിയില്‍. ഭുവനേശ്വരി നഗര്‍ സ്വദേശി പി. മധു നായിഡു (19), ബനശങ്കരി സ്വദേശി എന്. ശരത്ത് (22), ദാസനപുര സ്വദേശി ധനഞ്ജയ് (19), ഭാഗീരഥി നഗര് സ്വദേശി എം. ശരത്ത് (20) എന്നിവരാണ് പിടിയിലായത്.
സംഘത്തില്‍ നിന്നും 50,000 രൂപ വിലമതിക്കുന്ന 960 ഗ്രാം കഞ്ചാവും ഒരു ബൈക്കും മൂന്നു മൊബൈലും 700 രൂപയും പൊലീസ് പിടിച്ചെടുത്തു. ഫുഡ് ഡെലിവറിക്കൊപ്പം യുവാക്കള്‍ കഞ്ചാവും വില്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം താവരക്കരെയിലെ ഗുരുവൈഭവിപാളയയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. അഞ്ചു പേരാണ് ബൈക്കിലെത്തിയതെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു.
നാഗമംഗലയിലുള്ള സെയ്ദ് എന്നയാളില്‍ നിന്നാണ് കഞ്ചാവ് മൊത്തമായി ലഭിച്ചിരുന്നതെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. നായിഡുവും എന്‍.ശരത്തും ഫുഡ് ഡെലിവറി എക്‌സിക്യൂട്ടിവുകളായി ജോലി ചെയ്തുവരികയായിരുന്നു.
ബൈക്കില്‍ രക്ഷപ്പെട്ട ബനശങ്കരി സ്വദേശി പവന്‍, കഞ്ചാവ് ഇവര്‍ക്ക് എത്തിച്ചുനല്‍കിയിരുന്ന സെയ്ദ് എന്നിവരെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.