ഗുവാഹത്തി : ട്വന്റി 20 പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ജയിച്ച ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസ് തകര്‍ത്ത സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മത്സരത്തിനുശേഷം അസമിലെ ബര്‍ഷപാഡ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോവുകയായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്.
ബസ്സിന്റെ ചില്ലുകള്‍ അജ്ഞാതര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിൽ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതേതുടര്‍ന്ന് അന്വേഷണം വിപുലമാക്കിയതോടെയാണ് പ്രതികള്‍ പിടിയിലായത്. ബസ്സിന് കല്ലെറിഞ്ഞ നാലുപേരെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി മുകേഷ് സഹായി വ്യക്തമാക്കി.
രണ്ടാം മത്സരത്തില്‍ ഇന്ത്യ തോറ്റതിന്റെ പ്രകോപനത്തിലായിരുന്നു കല്ലേറെന്നാണ് അനുമാനം. പ്രതികളെ ചോദ്യംചെയ്തുവരികയാണ്.
ആക്രമണം സംബന്ധിച്ച് ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
കല്ലേറ് കൊണ്ട് തകര്‍ന്ന ബസ്സിന്റെ ചില്ലുകളുടെ ഫോട്ടോകളും താരം പോസ്റ്റ് ചെയ്തു. ഇതോടെ ഗുവാഹത്തിയിലെ ആരാധകര്‍ ഓസ്‌ട്രേലിയന്‍ ടീമിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
ഓസീസിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.