മലപ്പുറം : കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ നാല് പേര് പിടിയില്‍. വേങ്ങര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികള്‍ക്കുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തവരാണ് പിടിയിലായത്.
സംഭവത്തില്‍ ആറ് യുവാക്കള്‍ക്കെതിരെ മലപ്പുറം വേങ്ങരയില്‍ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടികള്‍ സെല്‍ഫി വീഡിയോയിലൂടെ നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കള്‍ പെണ്‍കുട്ടികളെ അപമാനിച്ചത്.
വേങ്ങരക്കടുത്ത് കിളിനക്കോടില്‍ ഒരു കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. വിവാഹത്തില്‍ പങ്കെടുത്തശേഷം ഗ്രാമപ്രദേശമായ കിളിനക്കോടുനിന്നും തിരിച്ച് വരാന്‍ ഇവര്‍ക്ക് വാഹന സൗകര്യം കിട്ടിയില്ല. ഒരു കിലോമീറ്ററോളം നടന്നായിരുന്നു മടക്കയാത്ര. ഈ നടത്തത്തിനിടയില്‍ പെണ്‍കുട്ടികള്‍ സെല്‍ഫി വീഡിയോ എടുത്ത് തമാശ രൂപത്തില്‍ വാഹനം കിട്ടാത്തതിന്റെ പരിഭവം പങ്കുവച്ചിരുന്നു.
ഇ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കിളിനക്കോട്ടെ ഒരു സംഘം യുവാക്കളും പ്രതികരണവുമായി സാമൂഹ്യമാധമങ്ങളില്‍ എത്തി. പെണ്‍കുട്ടികളെ അപമാനിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ കമന്റുകള്‍.